ലിഫ്റ്റ് പ്രവര്‍ത്തനം മുടങ്ങി; മൃതദേഹം ചുമന്നു താഴെയിറക്കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്താത്തതിനെ തുടര്‍ന്ന് വാര്‍ഡില്‍ മരിച്ച ആളുടെ മൃതദേഹം ചുമന്ന് താഴെയിറക്കി. കഴിഞ്ഞ രണ്ടാഴ്ചയോളമായി ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിലാണെങ്കിലും ഇതിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താത്തതിനാല്‍ രോഗികളും ജീവനക്കാരും ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെ മൂന്നാംനിലയിലെ വാര്‍ഡില്‍ മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ ചുമന്നാണ് താഴെയിറക്കിയത്. ഏഴു നിലകളുള്ള ജനറല്‍ ആശുപത്രിക്ക് റാമ്പില്ലാത്തതിനാല്‍ സ്റ്റെപ്പുകള്‍ കയറിയാണ് രോഗികളും ജീവനക്കാരും പോവുന്നത്. അത്യാസന്ന നിലയിലായ രോഗികളെ ശസ്ത്രക്രിയ തിയേറ്ററിലേക്ക് കൊണ്ടുപോവുന്നത് കസേരയിലിരുത്തി ചുമന്നാണ്. ഹൈദരാബാദിലെ ഒരു കമ്പനിയാണ് ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. തകരാറിലായ വിവരം യഥാസമയം കമ്പനി അധികൃതരെ അറിയിച്ചിട്ടും ഇവര്‍ വരാന്‍ തയ്യാറായില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെടുകയും കമ്പനി ലിഫ്റ്റിന്റെ യന്ത്രങ്ങളുമായി ഇന്നലെ ജനറല്‍ ആശുപത്രിയിലെത്തി അറ്റകുറ്റപ്പണി തുടങ്ങി.

RELATED STORIES

Share it
Top