ദലിത്‌ പ്രക്ഷോഭം: 300 പേര്‍ പിടിയില്‍: മേവാനിയുടെ യോഗത്തിന് അനുമതിയില്ല

മുംബൈ: മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ ബന്ദുമായി ബന്ധപ്പെട്ട് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 300 പേരെ പിടികൂടി.
സാമുദായിക അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ കോലാപൂര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ബന്ദിനിടെ 200ലധികം സര്‍ക്കാര്‍ ബസ്സുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.


കഴിഞ്ഞദിവസം നടന്ന ദലിത് പ്രതിഷേധങ്ങള്‍ക്കെതിരായി ശിവസേന എംഎല്‍എ രാജേഷ് ക്ഷീര്‍ സാഗറിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തി. പ്രഭാനി ജില്ലയില്‍ ആര്‍എസ്എസ് ഓഫിസ് പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. മുംബൈ നഗരത്തില്‍ പ്രതിഷേധക്കാര്‍ നടത്തിയ അക്രമത്തില്‍ 30 ലധികം പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ജെഎന്‍യു നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന യോഗത്തിന് പോലിസ് അനുമതി നിഷേധിച്ചു. പരിപാടി നടത്താനിരുന്ന ബായിദാസ് ഹാളിനു മുമ്പില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
പരിപാടി സംഘടിപ്പിച്ച പത്ര ഭാരതി അധ്യക്ഷന്‍ ദത്ത സംഗ, മുനിസിപ്പല്‍ കൗണ്‍സിലറായ കപീല്‍ പാട്ടീല്‍, അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് റിച്ച സിങ്, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് പ്രദീപ് നര്‍വാല്‍ എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top