ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം; കൊലപാതക സാധ്യത തേടി പോലിസ്

തിരുവനന്തപുരം: തിരുവല്ലത്ത് ഐറിഷ് വനിത ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചു.
ഇതു ശാസ്ത്രീയമായി സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടന്നുവരുകയാണ്. എന്നാല്‍, ലിഗയുടെ ശരീരത്തിലെവിടെയും ക്ഷതമോ മുറിവോ ഇല്ലെന്നും എല്ലുകള്‍ ഒടിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാനഭംഗസാധ്യതയും സംഘം തള്ളിക്കളഞ്ഞു. രാസപരിശോധനാ ഫലം ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത കൈവരുമെന്നാണ് പോലിസ് പറയുന്നത്.
ശ്വാസംമുട്ടിയുള്ള മരണമാകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കൊലപാതക സാധ്യത മുന്‍നിര്‍ത്തിയുള്ള അന്വേഷണം പോലിസ് ആരംഭിച്ചു. മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചെന്തിലാക്കരിയില്‍ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
അതേസമയം, അന്വേഷണം മുറുകിയതോടെ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ അപ്രത്യക്ഷരായതായും വാര്‍ത്തയുണ്ട്. പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരെയും കയര്‍ത്തൊഴിലാളികളെയും ആവര്‍ത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ വിവരം പുറംലോകത്തെ അറിയിച്ച മീന്‍പിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പോലിസ് ചോദ്യം ചെയ്യുന്നുണ്ട്.
ലിഗ കായലില്‍ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെയും വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ലിഗയെ കണ്ട വിവരം ഇവര്‍ പോലിസിനോട് നിഷേധിച്ചതായാണ് സൂചന. ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്.

RELATED STORIES

Share it
Top