ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് പരാതി, അശ്വതി ജ്വാലയ്‌ക്കെതിരേ അന്വേഷണം

തിരുവനന്തപുരം: തിരുവല്ലത്തിന് സമീപം കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരിക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്ന സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ പോലിസ് അന്വേഷണം. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവും തട്ടിപ്പും നടത്തിയെന്ന കോവളം സ്വദേശി അനില്‍കുമാര്‍ എന്നയാളുടെ പരാതിയിന്‍മേലാണ് അന്വേഷണം.
അശ്വതിക്കെതിരായ പരാതി ഡിജിപി ഐജി മനോജ് എബ്രഹാമിന്  കൈമാറി. ലിഗയുടെ പേരുപറഞ്ഞ് 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെടുത്തു. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകയാണെന്നും കേസെടുത്തിട്ടില്ലെന്നുമാണ് ഡിജിപിയുടെ ഓഫിസിന്റെ വിശദീകരണം. അതിനിടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് അശ്വതി ജ്വാല  പറഞ്ഞു.
ആരോപണം ഉയര്‍ത്തിയവര്‍ തന്നോട് കാര്യം തിരക്കുക പോലും ചെയ്തില്ല.  ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരെ തിരഞ്ഞിറങ്ങിയത്. അഞ്ച് വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ഒരു കളങ്കവും ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തെ ഭയക്കുന്നില്ല, ഏത് അന്വേഷണത്തെയും നേരിടും. താന്‍ പണപ്പിരിവ് നടത്തിയെന്ന് പരാതിപ്പെട്ടയാളുടെ കൈയില്‍ അതിനുള്ള ഒരു തെളിവുകളുമില്ല. അന്വേഷണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസിലേക്ക് വരാന്‍ സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസില്‍ നിന്നും വിളിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. അശ്വതിയെ പിന്തുണച്ച് ലിഗയുടെ സഹോദരി ഇല്‍സയും രംഗത്തെത്തി.
അശ്വതിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇല്‍സ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അശ്വതിക്കെതിരേ കേസെടുക്കുന്നത് ഫാഷിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  സര്‍ക്കാരും പോലിസും ചേര്‍ന്ന് അശ്വതിയെ വേട്ടയാടുകയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയിലും ശക്തമാണ്.

RELATED STORIES

Share it
Top