ലാ ലിഗയില്‍ 300 തികച്ച് റൊണാള്‍ഡോ; ഗെറ്റാഫെയെ തകര്‍ത്ത് റയല്‍


മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മല്‍സരത്തില്‍ ഗെറ്റാഫെയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വിജയം കുറിച്ചത്. ജയത്തോടെ നാളെ ചാംപ്യന്‍സ് ലീഗില്‍ നടക്കുന്ന പിഎസ്ജിക്കെതിരായ രണ്ടാം പദ മല്‍സരത്തിനുള്ള പടയൊരുക്കം റയല്‍ ഗംഭീരമാക്കി.
റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ 4-3-3 എന്ന പതിവ് ശൈലിയില്‍ റയലിനെ സിദാന്‍ വിന്യസിച്ചപ്പോള്‍ 4-2-3-1 ശൈലിയിലാണ് ഗെറ്റാഫെ ബൂട്ടുകെട്ടിയത്. സൂപ്പര്‍ താരങ്ങളായ ഗാരത് ബെയ്‌ലും കരിം ബെന്‍സേമയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പടനയിച്ച റയല്‍ നിര തുടക്കം മുതല്‍ ഗെറ്റാഫയെ വിറപ്പിച്ചു. പന്തടക്കത്തില്‍ ഏറെ മുന്നിട്ട് നിന്ന റയല്‍ നിര 24ാം മിനിറ്റില്‍ അക്കൗണ്ടും തുറന്നു. ഇസ്‌കോയുടെ അസിസ്റ്റിനെ ലക്ഷ്യം പിഴക്കാതെ വലയിലാക്കി ബെയ്‌ലാണ് റയലിന് ലീഡ് സമ്മാനിച്ചത്. ആക്രമണത്തോടൊപ്പം റയലിന്റെ പ്രതിരോധവും കരുത്തുകാട്ടിയതോടെ ഗെറ്റാഫെയുടെ മുന്നേറ്റങ്ങളെല്ലാം പാതി വഴിയില്‍ അവസാനിച്ചു. നീളന്‍ പാസുകളുമായി മുന്നേറിയ റയല്‍ നിര ആദ്യ പകുതിയില്‍ മാത്രം ആറ് തവണ ഗെറ്റാഫെ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബെന്‍സേമയുടെ അസിസ്റ്റിലെ വലയിലാക്കിയ റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ 300 ഗോളുകളും പിന്നിട്ടു. നിലവില്‍ 285 മല്‍സരങ്ങളില്‍ നിന്ന് 301 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. 408 മല്‍സരങ്ങളില്‍ നിന്ന് 372 ഗോളുകള്‍ നേടിയ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്.
ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-0ന്റെ ലീഡും റയലിനൊപ്പം നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗെറ്റാഫെ താരം ലോയിക് റെമി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നാച്ചോയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് റെമിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. പിന്നീട് 10 പേരായി ചുരുങ്ങിയെങ്കിലും മികച്ച പ്രതിരോധം തന്നെ പുറത്തെടുത്ത ഗെറ്റാഫെ റയലിനെ ഗോളടിപ്പിക്കുന്നതില്‍ നിന്ന് അല്‍പ്പസമയം തടുത്തുനിര്‍ത്തി. 65ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലാക്കി ഗെറ്റാഫെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിസ്‌കോ പോര്‍ട്ടിലോയാണ് ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ നേടിയത്. ഒരു ഗോള്‍മടക്കിയതോടെ സമനിലക്കായി ഗെറ്റാഫെ താരങ്ങള്‍ വിയര്‍ത്തുകളിച്ചു. എന്നാല്‍ 78ാ മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ വീണ്ടും വലകുലുക്കിയ റയല്‍ ലീഡ് 3-1 എന്ന നിലയിലേക്കുയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ മാഴ്‌സലോയുടെ ക്രോസിനെ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ റൊണാള്‍ഡോയെ പിന്‍വലിച്ച് സിദാന്‍ അസെന്‍സിയോയ്ക്ക്
അവസരം നല്‍കി.
പിന്നീടുള്ള സമയത്ത് ഗോള്‍ അകന്നുനിന്നതോടെ 3-1ന് ജയം റയലിനൊപ്പം നിന്നു. ജയത്തോടെ 27 മല്‍സരങ്ങളില്‍ നിന്ന് 54 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 66 പോയിന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 61 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണുള്ളത്.
ചാംപ്യന്‍സ് ലീഗില്‍ നിര്‍ണായക പോരിനിറങ്ങുന്ന റയല്‍ നിര ജയത്തോടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. രണ്ടാം പാദ മല്‍സരം പിഎസ്ജിയുടെ ത്ട്ടകത്തിലാണ് നടക്കുന്നത്. ആദ്യ പാദത്തില്‍ 3-1 ന് റയല്‍ പിഎസ്ജിയെ തോല്‍പ്പിച്ചിരുന്നു.

RELATED STORIES

Share it
Top