ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 25ന് അവസാനിക്കും; റാങ്ക് ലിസ്റ്റ് 30ന്

മലപ്പുറം: ജനുവരിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷയുടെ ജില്ലയിലെ സാധ്യതാ പട്ടികയില്‍ പ്രധാന ലിസ്റ്റില്‍ 1,983 പേരും സപ്ലിമെന്ററിയില്‍ 2,121 പേരുമടക്കം 4104 ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പുരനാരംഭിച്ചു. മെയിന്‍, സപ്ലിമെന്ററി ലിസ്റ്റിലുമുള്ളവരുടെ സര്‍ട്ടിഫിക്കറ്റ്  പരിശോധനയാണ് കഴിഞ്ഞ 18ന് ആരംഭിച്ചത്. നേരത്തെ പരിശോധന മെയ് 30ന് ആരംഭിച്ചിരുന്നു.
എന്നാല്‍, നിപാ സുരക്ഷയുടെ ഭാഗമായി ജൂണ്‍ 12 വരെയുള്ള വെരിഫിക്കേഷന്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും ആരംഭിച്ചത്. ഇത് 21ന് അവസാനിക്കും. ഈ ദിവസങ്ങളില്‍ എത്തിച്ചേരാത്തവര്‍ക്ക് 25ന് വീണ്ടും നടത്തും. ഇവര്‍ക്കുള്ള പ്രൊഫൈല്‍, മൊബൈല്‍ മെസേജായി അയച്ചിട്ടുണ്ടെന്ന് ജില്ലാ പിഎസ്എസി ഓഫിസര്‍ അറിയിച്ചു. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും പരിശോധനയാണ് നടക്കുന്നത്. പുരുഷന്മാരുടെ വെരിഫിക്കേഷന്‍ എറണാംകുളം ഓഫിസില്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളും ബിരുദം ഇല്ല എന്ന സത്യപ്രസ്താവനയുമാണ് പരിശോധിക്കുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
ആ ദിവസം തന്നെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതല്‍ പുതിയ ലിസ്റ്റ് പ്രാബല്യത്തില്‍ വരും. മുന്‍ ലിസ്റ്റിലെ 1,975 പേരില്‍ 812 പേര്‍ക്ക് അഡൈ്വസ് മെമ്മോ തയ്യാറായിട്ടുണ്ട്. ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് 64.67 ആണ്. ജില്ലയില്‍ ഏഴ് താലുക്കുകളിലടക്കം വിവിധ ഓഫിസുകളില്‍ നിരവധി ഒഴിവുകളാണുള്ളത്. 16,500-35,700 ആണ് ശമ്പള സ്‌കെയില്‍.

RELATED STORIES

Share it
Top