ലാവ്‌ലിന്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍

സുപ്രിംകോടതിയില്‍ സിബിഐ ലാവ്‌ലിന്‍ അഴിമതിക്കേസില്‍ നല്‍കിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ലാവ്‌ലിന്‍ അഴിമതിവിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് പതിവാണെന്നും ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാവുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
പാര്‍ട്ടിനേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയനെ പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബാധ്യസ്ഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലാവ്‌ലിന്‍ കേസില്‍ സിബിഐ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും പിണറായി വിജയന് അനുകൂലമായി വിധി ലഭിച്ചതാണെന്നും അത് വീണ്ടും സുപ്രിംകോടതിയില്‍ ചോദ്യംചെയ്യപ്പെടുന്നതിന് രാഷ്ട്രീയമായ കാരണങ്ങള്‍ മാത്രമേയുള്ളൂ എന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഒറ്റനോട്ടത്തില്‍ ന്യായയുക്തം എന്നു തോന്നാവുന്ന വാദമുഖങ്ങളാണിത്. എന്നാല്‍, കേസിന്റെ വിശദാംശങ്ങളും ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ രീതിയും പരിശോധിച്ചാല്‍ കേസില്‍ അദ്ദേഹം വിചാരണ ചെയ്യപ്പെടണം എന്ന സിബിഐയുടെ നിലപാട് ന്യായയുക്തമാണ് എന്നു കണ്ടെത്താന്‍ കഴിയും. വിചാരണക്കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോവാനാണ് സിബിഐ നീക്കം നടത്തുന്നത്. അതു തടയാനുള്ള നിയമയുദ്ധത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ നടക്കുന്ന കേസ്.
വിഷയത്തില്‍ സുപ്രിംകോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി നിലപാടിനെ ശക്തിയുക്തം ചോദ്യംചെയ്യുന്നുണ്ട്. കേസില്‍ പല മന്ത്രിമാരും ഇടപെട്ടുവെങ്കിലും പിണറായി വിജയനെതിരേ മാത്രമാണ് സിബിഐ നീങ്ങിയത് എന്നാണ് ഹൈക്കോടതിയുടെ ഒരു നിഗമനം. അതുസംബന്ധിച്ച സിബിഐയുടെ വിശദീകരണത്തില്‍ ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയനുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്ന ലാവ്‌ലിനെ കരാര്‍ ഏല്‍പിക്കാനുള്ള തീരുമാനം അദ്ദേഹം സ്വീകരിച്ചത് അതേ കമ്പനിയുടെ അതിഥിയായി കാനഡ സന്ദര്‍ശിക്കുന്ന വേളയിലാണ് എന്ന ഗുരുതരമായ ആരോപണം സത്യവാങ്മൂലത്തില്‍ അടങ്ങിയിരിക്കുന്നു.
അതേപോലെ പ്രതികളില്‍ പിണറായി അടക്കം ചിലരെ കുറ്റവിമുക്തരാക്കുകയും വേറെ ചിലര്‍ക്കെതിരേ കേസ് തുടരാന്‍ നിര്‍ദേശിക്കുകയുമാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിനു സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ഗൂഢാലോചന നടന്നതായി ഹൈക്കോടതിക്കു ബോധ്യമായ സാഹചര്യത്തില്‍ എങ്ങനെയാണ് ചില പ്രതികളെ മാത്രം വിചാരണ കൂടാതെ കുറ്റവിമുക്തരാക്കുന്നത്?  അതിനാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണാ നടപടി നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടത്. നിരപരാധിയാണെന്നു ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് സുപ്രിംകോടതിയിലെ നടപടികളെ അദ്ദേഹമോ പാര്‍ട്ടിയോ ഭയപ്പെടുന്നത്? വിചാരണ നടക്കട്ടെ; രാഷ്ട്രീയ വിവാദം അതിന്റെ വഴിക്കു പോവട്ടെ എന്നതാണ് സ്വീകാര്യമായ സമീപനം എന്നു തോന്നുന്നു.

RELATED STORIES

Share it
Top