ലാവ്‌ലിന്‍: വിചാരണാ നടപടികള്‍ക്കു സ്‌റ്റേ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ വിചാരണാ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐയും മറ്റു മൂന്നു പ്രതികളും നല്‍കിയ അപ്പീലിലാണ് നടപടി. പിണറായി വിജയനും ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ എ ഫ്രാന്‍സിസ്, കെ മോഹനചന്ദ്രന്‍ എന്നിവര്‍ക്കും ജസ്റ്റിസുമാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ അന്തിമവിധി വരുന്നതു വരെയാണ് സ്‌റ്റേ. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും പ്രതികളുമായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലില്‍ അന്വേഷണ ഏജന്‍സിയില്‍ നിന്ന് കോടതി പ്രതികരണം ആരാഞ്ഞു.
ചിലരെ മാത്രം കുറ്റവിമുക്തരാക്കിയതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ സിബിഐയുടെ വാദത്തോട് ഹരജിക്കാരുടെ അഭിഭാഷകരായ മുകുള്‍ റോഹത്ഗി, ആര്‍ ബസന്ത് എന്നിവരും യോജിച്ചു. മൂന്നു പേരെ മാത്രം വിചാരണ കൂടാതെ എങ്ങനെയാണ് ഹൈക്കോടതിക്ക് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാവുകയെന്ന് തുഷാര്‍ മെഹ്ത ചോദിച്ചു. കേരള ഹൈക്കോടതി അധികാരപരിധി ലംഘിച്ചുവെന്നും ഇക്കാര്യം വിശദമായി പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എന്‍സി ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച തീരുമാനമെടുത്തത് കുറ്റപത്രത്തില്‍ പേരുള്ള എല്ലാവരുടെയും അറിവോടെയാണ്. അതിനാല്‍, ചിലരെ ഒഴിവാക്കുന്നത് വിചാരണ നീളാനും നീതിയുടെ തോല്‍വിക്കും കാരണമാവുമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. കേസില്‍ പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്ക് മതിയായ തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.

RELATED STORIES

Share it
Top