ലാവലിന്‍: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സിബിഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നിലവില്‍ വന്ന കരാറിലൂടെ കെഎസ്ഇബിക്കു നഷ്ടവും ലാവലിന്‍ കമ്പനിക്ക് വന്‍ ലാഭവും ഉണ്ടായിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ മനഃപൂര്‍വം വരുത്തിവച്ച വീഴ്ചയാണ്  ലാവലിന്‍ കമ്പനിക്ക് ലാഭം ഉണ്ടാകാന്‍ കാരണമായത്. എല്ലാ ആരോപണങ്ങളും വിചാരണഘട്ടത്തില്‍ പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പേരെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതു തെറ്റായ നടപടിയാണെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ കൊച്ചി യൂനിറ്റിലെ എസ്പി എ ഷിയാസാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
ഇടപാട് നടക്കുന്ന സമയത്തെ വൈദ്യുതി മന്ത്രി, ഊര്‍ജ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റമുണ്ടാകില്ല. കുറച്ചു പേരെ പ്രതിയാക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതിയുടെ ഉത്തരവുകളുടെയും നിര്‍ദേശങ്ങളുടെയും ലംഘനമാണ്. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ വൈദ്യുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികളെന്നു കണ്ടെത്തിയ മൂന്നു പേര്‍ നല്‍കിയ ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം നടപ്പാക്കുക മാത്രം ചെയ്ത തങ്ങളെ ശിക്ഷിക്കുകയും മേലുദ്യോഗസ്ഥരെ വെറുതെ വിടുകയും ചെയ്ത നടപടി നീതിക്കു നിരക്കുന്നതല്ലെന്നാണ് ഇവരുടെ വാദം. ഹരജികള്‍ ആഗസ്ത് 17നു സുപ്രിംകോടതി പരിഗണിക്കും.

RELATED STORIES

Share it
Top