ലാലുവിന് ജയില്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനു മൂന്നര വര്‍ഷം തടവ്. തടവിനു പുറമേ ലാലു അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണം. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 950 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപണമുള്ള കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് 21 വര്‍ഷത്തിനു ശേഷം ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്. റാഞ്ചി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. ലാലുവിനൊപ്പം കേസിലെ മറ്റു പ്രതികളായ ഫൂല്‍ചന്ദ്, മഹേഷ് പ്രസാദ്, സുനില്‍ കുമാര്‍, സുശീല്‍ കുമാര്‍, ബക്കേ ജൂലിയസ്, സുധീര്‍ കുമാര്‍ എന്നിവര്‍ക്കും കോടതി മൂന്നര വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ബിഹാറിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെയും മറ്റ് അഞ്ചു പേരെയും സിബിഐ കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് നിലവിലുള്ളത്. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1991നും 94നുമിടയില്‍ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ദിയോഗറിലെ ട്രഷറിയില്‍ നിന്ന് 89.27 ലക്ഷം രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ വിധി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ 2013ല്‍ ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 2013 ഒക്‌ടോബര്‍ 3നായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. രണ്ടാമത്തെ കേസില്‍ ഡിസംബര്‍ 23ന് ലാലു കുറ്റക്കാരനാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലാലുവിനെ ബിര്‍സ മുണ്ട ജയിലിലേക്കു മാറ്റി. ആരോഗ്യകാരണങ്ങളാല്‍ തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നു ലാലുപ്രസാദ് യാദവ് വെള്ളിയാഴ്ച കോടതിയോട് അപേക്ഷിച്ചിരുന്നു. 70 വയസ്സുള്ള ലാലുവിനെ പലവിധ അസുഖങ്ങള്‍ അലട്ടുന്നതായി അഭിഭാഷകന്‍ ചിത്തരഞ്ജന്‍ സിന്‍ഹയും അറിയിച്ചിരുന്നു. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതിവിധി പഠിച്ച ശേഷം ജാമ്യാപേക്ഷയില്‍ അപ്പീല്‍ നല്‍കുമെന്നും ലാലുവിന്റെ മകന്‍ തേജസ്വി പറഞ്ഞു.

RELATED STORIES

Share it
Top