ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല; രോഗികള്‍ ദുരിതത്തില്‍

ബദിയടുക്ക: അതിര്‍ത്തി പഞ്ചായത്തുകളിലെ സിഎച്ച്‌സി ലാബുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാക്കുന്നു. മുളിയാര്‍, ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ജീവനക്കാരില്ലാത്തത്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ ലാബിലെ പരിശോധനക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ ചികില്‍സ നിര്‍ണയിക്കുന്നത്. ദിവസേനയെത്തുന്ന മുന്നൂറോളം രോഗികളില്‍ ഇരുന്നൂറോളം പേരാണ് ലാബില്‍ പരിശോധനക്കായി എത്തുന്നത്. വിശദമായ പരിശോധന നടത്തേണ്ടതിനാല്‍ ഓരോ രോഗിയുടെയും പരിശോധനയ്ക്ക് മണിക്കൂറുകളോളം വേണ്ടിവരുന്നു. ഇവിടെയുള്ള രണ്ടു ജീവനക്കാര്‍ ആശുപത്രിയില്‍ കൂട്ടമായെത്തുന്ന രോഗികളുടെ പരിശോധനക്ക് സമയമെടുക്കുന്നതിനാല്‍ പരിശോധന റിപോര്‍ട്ടുമായി  ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ ഡ്യുട്ടി കഴിഞ്ഞ് അവര്‍ സ്ഥലം വിട്ടിരിക്കും. ഇത് കാരണം റിപോര്‍ട്ട് കാണിച്ച് മരുന്ന് വാങ്ങാന്‍ പിറ്റേ ദിവസം വീണ്ടും വരേണ്ട സ്ഥിതിയാണ്. ഇതു മൂലം പല രോഗികള്‍ക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന് പുറമെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും പരിശോധന ഫലം വൈകാന്‍ കാരണമാവുന്നു. കാറഡുക്ക, കുംബഡാജെ, ബെള്ളൂര്‍, ദേലംപാടി പിഎച്ച്‌സികളില്‍ ഡെങ്കിപ്പനി നിര്‍ണയിക്കാന്‍ പ്രാഥമിക പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തുള്ളവരും മുളിയാര്‍ സിഎച്ച്‌സിയിലെ ലാബിനെയാണ് ആശ്രയിക്കുന്നന്നത്. ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്ത സ്ഥലത്താണ് ലാബ് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ സമീപത്തെ നീരീക്ഷണ വാര്‍ഡുകളിലേക്ക് നടന്നു പോകാനും കഴിയാത്ത അവസ്ഥയാണ്. ആവശ്യമായ ഇരിപ്പിടമില്ലാത്തതിനാല്‍ ദീര്‍ഘനേരം നില്‍ക്കാന്‍ കഴിയാത്ത രോഗികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പനി പ്രതിരോധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സിഎച്ച്‌സി ലാബുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

RELATED STORIES

Share it
Top