ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെ 2.19ന് ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഖത്തര്‍ എയര്‍വേസ് വിമാനമാണ് റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടത്തില്‍പ്പെട്ടത്.
സിഗ്‌നല്‍ ലഭിച്ച ശേഷം വിമാനം ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റും മഴയുംമൂലം റണ്‍വേ കാണാന്‍ പറ്റാതിരുന്നതാണ് സംഭവത്തിന് കാരണമെന്ന് പൈലറ്റ് വ്യക്തമാക്കി. ലാന്‍ഡിങ് പ്രക്രിയ തുടങ്ങുമ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൊടുന്നനെ അതിശക്തമായി മഴപെയ്യുകയും കുറുകെയായി കാറ്റ് വീശുകയും ചെയ്തു.
ഇതോടെ നിശ്ചിത മധ്യരേഖയില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാനും മീറ്ററുകള്‍ വലത്തേയ്ക്ക് മാറിയാണ് വിമാനം റണ്‍വേ തൊട്ടത്. തുടര്‍ന്നുള്ള ശ്രമത്തില്‍ പൈലറ്റിന് വിമാനത്തെ നിശ്ചിത പാതയില്‍ കൊണ്ടുവരാനായി.
കാര്യമായ അപകടമോ തകരാറോ കൂടാതെ വിമാനത്തെ പാര്‍ക്കിങ് സ്ഥലത്തേക്ക് എത്തിക്കാനും കഴിഞ്ഞു. ഉലച്ചില്‍ സംഭവിക്കാത്തതിനാല്‍ അധികം യാത്രക്കാരും ഈ സംഭവം അറിഞ്ഞില്ല. സംഭവത്തെത്തുടര്‍ന്ന് സിയാല്‍ നടത്തിയ പരിശോധനയില്‍ റണ്‍വേയുടെ വലതു ഭാഗത്തുള്ള 12 ലൈറ്റുകള്‍ക്ക് കേടുപറ്റിയതായി തെളിഞ്ഞു.
ഇതേത്തുടര്‍ന്ന് അടിയന്തരമായി റണ്‍വേ വൃത്തിയാക്കല്‍ ജോലി നടന്നു. സംഭവത്തെ തുടര്‍ന്ന് ഒരു വിമാനവും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടേണ്ടി വന്നിട്ടില്ല. കൊച്ചിയില്‍ നിന്ന് ദുബയ്ക്ക് പോവാനുള്ള ഫ്‌ളൈ ദുബയ് വിമാനവും ദുബയില്‍ നിന്ന് കൊച്ചിയില്‍ ഇറങ്ങാനുള്ള എമിറേറ്റ്‌സ് വിമാനവും ഏതാനും മിനിറ്റുകള്‍ വൈകി.
3.38ന് റണ്‍വേ പരിശോധനാ നടപടിക്രമങ്ങള്‍ അവസാനിക്കുകയും വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമം ആവുകയും ചെയ്തു. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന്റെ ദോഹയിലേക്കുള്ള മടങ്ങിപ്പോക്ക് റദ്ദാക്കി. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടു.
സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top