ലാത്‌വിയന്‍ വനിത കൊല്ലപ്പെട്ട കേസ്: അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: ലാത്‌വിയന്‍ വനിത തിരുവനന്തപുരം കോവളത്ത് കൊല്ലപ്പെട്ട കേസിലെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജീവിതപങ്കാളി അയര്‍ലന്‍ഡ് സ്വദേശി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെത്തിയ തന്റെ പങ്കാളിയെ മാര്‍ച്ച് 14നാണ് കാണാതായതെന്ന് ഹരജിയില്‍ പറയുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലിസില്‍ പരാതി നല്‍കി. ഏപ്രില്‍ 20ന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ലഭിച്ച പ്രദേശത്തെ ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികളെന്നാണ് പോലിസ് പറയുന്നത്. പക്ഷേ, സാഹചര്യത്തെളിവുകള്‍ പരിശോധിക്കുകയാണെങ്കില്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ട്. കഴുത്തിലേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പക്ഷേ, മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്നു പറയുന്നില്ല.
യുവതിക്ക് പ്രതികള്‍ കഞ്ചാവ് ബീഡി നല്‍കിയെന്ന പോലിസ് വാദം ശരിയല്ല. അവര്‍ ഒരുതരം ലഹരിമരുന്നും ഉപയോഗിക്കാന്‍ താല്‍പര്യമുള്ളയാളല്ല. മൃതദേഹം ക്രിസ്ത്യന്‍ മതവിശ്വാസപ്രകാരം മറവു ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും പോലിസ് ധൃതിയില്‍ ദഹിപ്പിച്ചു. യുവതിയെ ദിവസങ്ങള്‍ തടങ്കലില്‍ വച്ച് പീഡിപ്പിച്ചു കൊന്നവരെ രക്ഷിക്കാനാണ് പോലിസ് ഇതു ചെയ്തത്. താനും സഹോദരിയും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പോയെങ്കിലും അനുമതി ലഭിച്ചില്ല. കേസിലെ നിലവിലെ രണ്ടു പ്രതികള്‍, തങ്ങള്‍ കുറ്റം സമ്മതിച്ചത് പോലിസ് മര്‍ദനം മൂലമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top