ലാത്വിയന്‍ യുവതിയുടെ കൊല: അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സുഹൃത്ത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലിസിന് താല്‍പര്യമെന്നും യുവതിയുടെ സുഹൃത്ത് ആന്‍ഡ്രു ജോര്‍ദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നിലവില്‍ പിടിയിലായവരാണ് യാഥാര്‍ഥ പ്രതികളെന്നു തോന്നുന്നില്ല. ആരെയെങ്കിലും മുന്നില്‍ നിര്‍ത്തി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ ആറിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി—യെ സമീപിച്ചത്. കേരളാ പോലിസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ആന്‍ഡ്രൂസ്് ആരോപിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. ബലാല്‍സംഗം നടന്നതായി കണ്ടെത്തിയിട്ടുപോലും മൃതദേഹം സംസ്‌കരിച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഇത്തരം കേസുകളില്‍ ഒരിക്കലും മൃതദേഹം സംസ്‌കരിക്കാന്‍ പാടില്ലെന്നു സര്‍ക്കാരിനും പോലിസിനും അറിയാവുന്നതാണ്.
ടൂറിസം ഡിപാര്‍ട്ട്‌മെന്റും പോലിസും മന്ത്രിയും ചേര്‍ന്നു നടത്തിയ പൊറാട്ടു നാടകങ്ങളാണ് എല്ലാവരും കണ്ടത്. ആരുമായും പ്രശ്‌നങ്ങള്‍ വേണ്ടാ എന്നുവച്ചാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി തിരിച്ചുപോയതെന്നും ആന്‍ഡ്രൂസ് പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണ സംഘത്തിനു മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദമുണ്ടെന്നു വിശ്വസിക്കുന്നു. നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂസ് പറഞ്ഞു. അഡ്വ. ഡാനി ജെ പോളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top