ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരിക്ക്‌

വിതുര: വനംവകുപ്പ് പൊളിച്ചുനീക്കിയ കുരിശ് പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച് ബോണക്കാട് കുരിശുമലയിലേക്ക് നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന കുരിശുയാത്ര സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ പോലിസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കുരിശുയാത്ര ബോണക്കാട് ചെക്‌പോസ്റ്റില്‍ പോലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. ബാരിക്കേഡുകള്‍ മറികടന്ന് ആളുകള്‍ ചെക്‌പോസ്റ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തി വീശുകയായിരുന്നു. ചിതറിയോടിയവര്‍ പോലിസിനു നേരെയും  പോലിസ് തിരിച്ചും കല്ലെറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതോടെ സഭാനേതൃത്വം പോലിസുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. പിന്നാലെ വിതുര കലുങ്ക് ജങ്ഷനിലെത്തിയ വിശ്വാസികള്‍ റോഡ് ഉപരോധിച്ചതും അക്രമത്തില്‍ കലാശിച്ചു. ഇവിടെയും പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. പരിക്കേറ്റ മൂന്നു പോലിസുകാരടക്കം 27 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേരുടെ പരിക്ക് സാരമുള്ളതാണ്. പ്രശസ്തമായ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റില്‍ തീര്‍ത്ത വലിയ കുരിശ് വനഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി എട്ട് മാസം മുമ്പ് വനംവകുപ്പ് നീക്കം ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top