ലഹരി മാഫിയക്കെതിരേ കര്‍ശന നടപടി: ടി പി രാമകൃഷ്ണന്‍

മട്ടന്നൂര്‍: സംസ്ഥാനത്തെ ലഹരി-മയക്കുമരുന്ന് മാഫിയകളെ തുരത്താന്‍ കര്‍ശന നടപടികളെടുക്കുമെന്നും ജനകീയ പങ്കാളിത്തത്തോടെ ചെറുക്കുമെന്നും എക്—സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പുതുതായി രൂപീകൃതമായ ഇരിട്ടി എക്—സൈസ് സര്‍ക്കിള്‍ ഓഫിസ് മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഫിയകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി എക്—സൈസ് വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ലഹരി സാധനങ്ങളുടെയും മയക്കുമരുന്നിന്റെയും പ്രഭവ കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എക്—സൈസ് വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജനം സാധ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നിയമം ശക്തമായി നടപ്പാക്കുന്നതിനൊപ്പം ബോധവല്‍ക്കരണത്തിലൂടെ നിയമങ്ങള്‍ അനുസരിക്കാന്‍ ജനങ്ങളെ ശീലിപ്പിക്കുകയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്ക് പൊതുസമൂഹത്തില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലഹരി-മയക്കുമരുന്ന് വേട്ടയില്‍ റെക്കോര്‍ഡ് പുരോഗതിയാണ് ഉണ്ടായതെന്നും കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി മുഖ്യാതിഥിയായിരുന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്—സണ്‍ അനിത വേണു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അശോകന്‍, പി അശോകന്‍, പി പി നൗഫല്‍, എം രാജന്‍, കൗണ്‍സിലര്‍ മുബീനാ ശാഹിദ്, ഉത്തരമേഖലാ ജോയിന്റ് എക്—സൈസ് കമ്മീഷണര്‍ ഡി സന്തോഷ്, നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, പാര്‍ട്ടി പ്രതിനിധികളായ എന്‍ വി ചന്ദ്രബാബു, ടി വി രവീന്ദ്രന്‍, ഇ പി ഷംസുദ്ദീന്‍, രാജന്‍ പുതുക്കുടി, സി കെ പവിത്രന്‍, എക്—സൈസ് കമ്മീഷണര്‍ ഋഷിരാജ്—സിങ്, കണ്ണൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വി വി സുരേന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top