ലഹരി പിടിപ്പിക്കാന്‍ മാനസിക രോഗികള്‍ക്കുള്ള മയക്കുഗുളികകളും

പൊന്നാനി:ലഹരിയുടെ വഴിയില്‍ സിഗരറ്റിന്റെയും മദ്യത്തിന്റെയും കാലം മാറി.ഇപ്പോള്‍ കഞ്ചാവിനും മയക്കുമരുന്നിനുമൊപ്പം മാനസികരോഗികള്‍ക്കുള്ള മയക്കുഗുളികകളും വ്യാപകമായി ലഹരിക്കായ്  ഉപയോഗിക്കുന്നു. എക്‌സൈസും നര്‍ക്കോട്ടിക് സെല്ലും പുറത്തുവിടുന്ന വിവരങ്ങളിലാണ് ജില്ലയില്‍ യുവാക്കള്‍ വ്യാപകമായി മയക്കുഗുളികകള്‍ ലഹരിയായി ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.എന്തും പരീക്ഷിക്കാനുള്ള ചോരത്തിളപ്പ് ലഹരിയുടെ പുതുവഴിതേടാന്‍ ന്യൂജന്‍ പയ്യന്മാരെ പ്രേരിപ്പിക്കുകയാണ്.പുതിയ ലോകത്തെ പുതിയ മയക്കുമരുന്നുകള്‍ കണ്ടിട്ടും മനസ്സിലാവാതെ പകച്ചുനില്‍ക്കുകയാണ് രക്ഷിതാക്കള്‍.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍വരെ ഈ ലഹരിയുടെ പിന്നിലുണ്ടെന്ന് എക്‌സൈസ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.നൈട്രോസെപാം,നൈട്രോസന്‍,  മെഥ്‌ലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍, സൈലോസിബിന്‍ മഷ്‌റൂം തുടങ്ങിയ ബോധം നശിക്കാനുള്ള മയക്കുഗുളികകളാണ് ലഹരിവസ്തുക്കളായി ഉപയോഗിക്കുന്നത്.ഡോക്ടറുടെ കുറിപ്പടിയും അതിന്റെ പകര്‍പ്പും ഉപയോഗിച്ചാണ് പലപ്പോഴും ഇത്തരം ഗുളികകള്‍ ആവശ്യക്കാര്‍ സ്വന്തമാക്കുന്നത്.മയക്ക് ഗുളികകള്‍ ലഹരി മുക്ത കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നതിനാല്‍ സ്വയം ചികില്‍സതേടി ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരുണ്ടെന്ന് നാര്‍ക്കോട്ടിക് സെല്‍ പറയുന്നു. പൊന്നാനിയിലെ കടലോരസ്ഥലങ്ങള്‍ ചമ്രവട്ടം പാലം ജില്ലയിലെ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ വില്‍പന നടക്കുന്നുണ്ട്. പിടിക്കപ്പെട്ടാലും വിദ്യാര്‍ഥികള്‍ക്കും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും ശിക്ഷ കുറവാണെന്നതിനാല്‍ ലഹരിമാഫിയ വിതരണത്തിനായി ചൂഷണം ചെയ്യുന്നതിലേറെയും ഇവരെയാണ്.
ചെറുപ്പക്കാരുടെ ജീവിതശൈലിയായി മാറിയിരിക്കുന്നു ഇത്തരം ലഹരിവസ്തുക്കള്‍.കൗതുകത്തിന് ഉപയോഗിച്ചു തുടങ്ങുന്ന പലരും ഇത് പതിവാക്കുകയാണ്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ മലപ്പുറം ജില്ലയില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മയക്കുമരുന്നുകളുടെയും മയക്കുഗുളികകളുടെയും ഉപയോഗം ജില്ലയില്‍ വര്‍ധിച്ചുവരികയാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു.കഞ്ചാവിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളാണ് പുതിയ ലഹരികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്.കേട്ടുകേള്‍വി പോലുമില്ലാത്ത ലഹരിവസ്തുക്കളാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്.

RELATED STORIES

Share it
Top