ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

മേപ്പാടി: ലഹരി ഗുളികകളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നിര്‍ദേശാനുസരണം വടുവന്‍ചാലിനടുത്ത് ചോലാടി ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ വച്ച് വാഹനപരിശോധനയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന താമരശ്ശേരി കിനാലൂര്‍ ചെമ്പായില്‍ ബിനീഷി(28)നെ ലഹരി ഗുളികകളുമായി എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജിയും സംഘവും പിടികൂടിയത്. ഗൂഡല്ലൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നു വാങ്ങിയ ഗുളികകളാണിവയെന്നും താമരശ്ശേരി, ബാലുശ്ശേരി ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് നല്‍കാനാണ് ബിനീഷ് ഗുളിക കടത്തിയതെന്നും എക്‌സൈസ് അറിയിച്ചു. തൃശൂരില്‍ നിന്നു കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകളാണ് പിടിച്ചെടുത്തത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, കല്‍പ്പറ്റ റേഞ്ച് ഇന്‍സ്‌പെക്ടര്‍ റെജിലാല്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍മാരായ കെ എം സൈമണ്‍, കെ രമേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ബി അജീഷ്, എ സി ചന്ദ്രന്‍, സനൂപ്, ഡ്രൈവര്‍ എ സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top