ലഹരി കടത്താന്‍ നിരപരാധികളെ ഉപയോഗിച്ചെന്ന കേസ്; അന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഖത്തറിലേക്കു നിരോധിത ലഹരിമരുന്നുകള്‍ കടത്താന്‍ നിരപരാധികളായ യുവാക്കളെ ഉപയോഗിച്ചെന്ന കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും എന്‍ഡിപിഎസ് നിയമത്തിലെയും വിവിധ വകുപ്പുക ള്‍ പ്രകാരം ചെങ്ങന്നൂര്‍ പോലിസും അങ്കമാലി പോലിസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനാണ് ഐജി പി വിജയന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് ജില്ലാ പോലിസ് മേധാവി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. കാസര്‍കോട് ഡിവൈഎസ്പി ജെയ്‌സണ്‍ എബ്രഹാം അടക്കം 12 പേരാണ് സംഘത്തിലുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മയക്കുമരുന്നു കടത്തിയ കുറ്റത്തിനു ദോഹയിലെ ജയിലില്‍ കഴിയുന്ന ആഷിക് ആഷ്‌ലി (22), കെവിന്‍ മാത്യു (26), ആദിത്യ മോഹനന്‍ (21), ശരത് ശശി (24) എന്നിവരെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി കെ വി ഉഷാകുമാരി, കോട്ടയം ഏയ്ഞ്ചല്‍വാലി സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂ ര്‍ സ്വദേശിനി കെ ആര്‍ ഇന്ദിരാ ദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഫെബ്രുവരി 28നു തന്റെ മകന്‍ കെവിന്‍ മാത്യു കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്ക് പോയെന്നും അവിടെ വച്ച് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടെന്നും മാതാവ് റോസമ്മ മാത്യു പോലിസിനെ അറിയിച്ചിരുന്നു. ഏജന്റുമാരായ ഷാനു, റഷീദ് എന്നിവര്‍ വിമാനത്താവളത്തില്‍ വച്ച് കെവിന് ഒരു പൊതി നല്‍കി. ഇത് ഖത്തറില്‍ വച്ച് സുഹൃത്തുക്ക ള്‍ വാങ്ങുമെന്നു പറഞ്ഞു. ഇതില്‍ നിരോധിത മയക്കുമരുന്നായിരുന്നു എന്നായിരുന്നു പരാതി. വിസ ശരിയാക്കിയ ഏജന്റുമാരുടെ കെണിയില്‍ പെട്ടാണ് മക്കള്‍ ജയിലിലായതെന്നും ഇതു സിബിഐ അന്വേഷിക്കണമെന്നും ഹരജിയില്‍ പറയുന്നു. വിസ ഏജന്റുമാര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയെങ്കിലും ശരിയായ അന്വേഷണമുണ്ടായില്ലെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കു മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top