ലഹരി ഉപയോഗത്തിനെതിരേ കാംപസിനകത്ത് ജാഗ്രത വേണം: ഋഷിരാജ് സിങ്

കോഴിക്കോട്: വര്‍ധിച്ച്‌വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സ്‌കൂള്‍, കോളജ് കാംപസുകള്‍ക്കകത്ത് ജാഗ്രത വേണമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋശിരാജ് സിങ്. കാംപസിനകത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ലഹരിവിരുദ്ധ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മദ്യം, മയക്കുമരുന്ന്, നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്്് 120000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി ഉപയോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടുകയാണ് കേരളം. മയക്കുമരുന്നുകള്‍ മിക്കവയും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഇവിടേക്ക് കൊണ്ടുവരികയാണ്. പാന്‍ ഉല്‍പന്നങ്ങളില്‍ ചെറിയ തോതില്‍ മയക്കുമരുന്ന് ചേര്‍ക്കുന്നുണ്ട്.
മയക്കുമരുന്നിന് അടിമകളായ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ആദ്യം കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയവരാണ്. ലഹരി വസ്തുക്കള്‍ കഴിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നറിയാന്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ലഹരി നിര്‍ത്താനാവില്ല. ക്ലാസ് മുറികളില്‍ പോലും ലഹരി വസ്തുക്കള്‍ ഉപോയോഗിക്കുന്നതായി റിപോര്‍ട്ട് ഉണ്ട്. കാംപസിനകത്ത് വിദ്യാര്‍ഥികളല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ കുറിച്ച് പ്രിന്‍സിപ്പലും അധ്യാപകരും ശ്രദ്ധിക്കണം. വിദ്യാര്‍ഥികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നത്്്് ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കാലിക്കറ്റ് എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കോളജ് കാംപസുകളില്‍ ലഹരി വിരുദ്ധ കാംപയിന്‍ നടത്തുന്നത്.ട്രസ്റ്റ് ചെയര്‍മാന്‍ സി പി മുഹമ്മദ് സക്കരിയ്യ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ  സമിതി വൈസ് ചെയര്‍മാന്‍ കെ പി മുഹമ്മദലി, സിറ്റി പോലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ പി എ ശിവരാമ കൃഷ്ണന്‍, മോന്‍സി മാത്യൂ, എന്‍എസ്എസ് ഓഫിസര്‍ കെ ബേബി ഷീബ, എന്‍സിസി ഓഫിസര്‍ കെ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top