ലഹരിവിമുക്തി കേന്ദ്രം ആരംഭിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഹരി വിമുക്തി കേന്ദ്രം തുടങ്ങുന്നു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഓരോ കേന്ദ്രങ്ങള്‍ വരുന്നതിന്റെ ഭാഗമായാണ് ജില്ലയ്ക്കനുവദിച്ച കേന്ദ്രം നിലമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങുക. ഇത് സംബന്ധിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ പ്രാഥമികമായി പരിശോധിച്ചു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ എക്‌സൈസിന്റെ ജീവനക്കാരുമുണ്ടാവും.
കേന്ദ്രത്തില്‍ രണ്ട് സൈക്യാട്രിസ്റ്റുകള്‍, ആവശ്യത്തിന് നഴ്‌സിങ് ജീവനക്കാര്‍ എന്നിവരുമുണ്ടാവും. മതിയായ സ്വകാര്യതയോടെയായിരിക്കും കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ചികില്‍സ ലഭ്യമാക്കുകയെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സി ഷമീദ് പറഞ്ഞു. നിലവില്‍ സ്വകാര്യ മേഖലയിലാണ് ഇത്തരം കേന്ദ്രങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഇത് കൂടുതല്‍ ചെലവേറിയതുമാണ്. സര്‍ക്കാരിന് കീഴില്‍ ഇത്തരത്തിലൊന്ന് വരുന്നതോടെ സാധാരണക്കാര്‍ക്കും മതിയായ ചികില്‍സ കിട്ടാന്‍ സൗകര്യമുണ്ടാവും. കേന്ദ്ര സര്‍ക്കാരിന്റെ മെന്‍ഡല്‍ ഹെല്‍ത്ത് നിയമത്തിലെ നിര്‍വചന പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് ബന്ധപ്പെട്ട എക്‌സൈസ് ഓഫിസിലേക്കെത്തിയിരിക്കുന്ന നിര്‍ദേശം.

RELATED STORIES

Share it
Top