ലഹരിവസ്തുക്കളുടെ വിപണനം; നഗരസഭയ്‌ക്കെതിരേ എക്‌സൈസ്

കൊയിലാണ്ടി: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന പെട്ടിക്കടകള്‍ക്കെതിരെ നടപടികള്‍ എടുക്കാത്തതിനെതിരെ എക്‌സൈസ് നഗരസഭക്കെതിരെ. ഇന്നലെ എക്‌സൈസ് ഹാന്‍സ് പിടികൂടിയതിനെ തുടര്‍ന്ന് പ്രസിദ്ധീകരണത്തിന് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് നഗരസഭയ്‌ക്കെതിരെ വിമര്‍ശനം.  മാസങ്ങള്‍ക്ക് മുമ്പ് പുതിയ ബസ് സ്റ്റാന്റിലെ സുരേന്ദ്രന്‍ എന്നയാളുടെ കടയില്‍ നിന്ന് ഹാന്‍സ് പിടികൂടിയിരുന്നു. വിഷയം നഗരസഭയില്‍ രേഖാപരമായി സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും കൈത്താങ്ങായി അറിയിച്ചിട്ടില്ലെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇന്നലത്തെ റെയ്്ഡും നഗരസഭയില്‍ റിപോര്‍ട്ട് ചെയ്യുമെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്.
പുതിയ ബസ് സ്റ്റാന്റിലെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിന്റെ ചുമരിനോട് ചേര്‍ന്നാണ് മുഴുവന്‍ പെട്ടിക്കടകളും പ്രവര്‍ത്തിക്കുന്നത്. പെട്ടിക്കട നടത്തുന്നവര്‍ സംഘടിത ട്രേഡ് യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. ഈ പെട്ടിക്കടകള്‍ ഇവിടെ നിന്ന് മാറ്റണമെന്ന് നേരത്തെ പോലിസും നഗരസഭക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. മധ്യവേനലവധിയായതോടെ ലഹരിവസ്തുക്കളുടെ വിപണനം തകൃതിയായി നടക്കുന്നതായി എക്്‌സൈസ് അധികൃതര്‍ പറയുന്നു. നേരിട്ടും വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയുമാണ് ലഹരി വസ്തുക്കളുടെ വിപണനം. ലഹരി വസ്തുക്കള്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കുന്ന മൗനം പൊതുജനങ്ങളില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. പോലിസ്-എക്‌സൈസ് നടപടികള്‍ കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കയ്യില്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top