ലഹരിമരുന്നുകളുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള പുതുതലമുറ മയക്കുമരുന്നുകളുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (32), എര്‍ണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂര്‍ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണ് പോലിസ് പിടിയിലായത്. ഇതില്‍ ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചെലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍ നിന്നും കൊക്കെയ്ന്‍, രണ്ട് ഗ്രാം വീതമുള്ള നിരവധി പാക്കറ്റ് എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍, എക്റ്റസി പില്‍സ് ഗുളികകളും ന്യൂജന്‍ കെമിക്കല്‍ ഡ്രഗുകളും നിരവധി പാക്കറ്റ് ഹഷീഷ്, കഞ്ചാവ്, തുടങ്ങിയവയും കണ്ടെടുത്തു.
ലഹരിമരുന്ന് മാഫിയയ്‌ക്കെതിരേ സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപറേഷന്‍ ഡസ്റ്ററിന്റെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ദമ്പതികള്‍ എന്ന രീതിയില്‍ ചെലവന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഗോവയിലെ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. നഗരത്തിലെ ലഹരി ഉപഭോക്താക്കള്‍ക്കായി ന്യൂ ജന്‍ കെമിക്കല്‍ ഡ്രഗുകള്‍ എത്തിക്കുന്നതിലെ പ്രമുഖ കണ്ണികള്‍ ആണ് പിടിയിലായ ബിലാലും ഗ്രീഷ്മയും. രണ്ടാഴ്ച കൂടുമ്പോള്‍ ഗോവയില്‍ നിന്നും ശേഖരിക്കുന്ന ലഹരി വസ്തുകള്‍ വിമാന മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിക്കുന്നത്. ഇവര്‍ക്ക് കഞ്ചാവും ഹഷീഷും എത്തിച്ച് നല്‍കിയിരുന്നത് കണ്ണൂര്‍ സ്വദേശിയായ ചിഞ്ചു മാത്യു ആയിരുന്നു. കാക്കനാട്ടെ ഫഌറ്റില്‍ നിന്നും പിടിയിലാവുന്ന സമയം അര കിലോയിലധികം കഞ്ചാവ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ ഷാഡോ സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ നഗരത്തില്‍ ഹഷീഷും കഞ്ചാവുമെത്തിക്കുന്നത് തുടരുകയായിരുന്നുവെന്നും പോലിസ് പറയുന്നു.
ഇവരുമായി ബന്ധപ്പെട്ട സിനിമാ സീരിയല്‍ രംഗത്തുള്ളവരെയും പോലിസ് നിരീക്ഷിക്കുന്നുണ്ട്. ഷാഡോ എസ്‌ഐ ഫൈസല്‍, മരട് അഡീഷനല്‍ എസ്‌ഐ ശേഖരപിള്ള, തൃക്കാക്കര എസ്‌ഐ ഷാജു സി പി ഒമാരായ അഫ്‌സല്‍, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോന്‍, സുനില്‍, രഞ്ജിത്ത്, ശ്യാം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.

RELATED STORIES

Share it
Top