ലഹരിക്കെതിരേ ജനമൈത്രി പോലിസിന്റെ കൂട്ടയോട്ടം

ചവറ: ലഹരി വിപത്തിനെതിരേ പ്രതിരോധത്തിന്റെ ബോധം പകര്‍ന്ന് നടന്ന കൂട്ടയോട്ടം ആവേശമായി. ‘ഞങ്ങള്‍ ലഹരിക്കെതിര്, നിങ്ങളോ” എന്ന  തലക്കെട്ടോടെ ചവറ ജനമൈത്രി പോലിസ് സംഘാടകരായ കൂട്ടയോട്ടം ജനം ഏറ്റെടുക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍, എസ്പിസി, എന്‍എസ്എസ്, എന്‍സിസി കാഡറ്റുകള്‍, കായിക താരങ്ങള്‍, ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറ് കണക്കിന് പേരാണ് വീഥിയെ ആവേശമാക്കിയ കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. ചവറയില്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് ജനങ്ങളുമായി സഹകരിച്ച് പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം നടത്തിയത്. പന്‍മന ഇടപ്പള്ളിക്കോട്ടയില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ശങ്കരമംഗലം ജങഷനിലാണ് സമാപിച്ചത്. എന്‍ വിജയന്‍ പിള്ള എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. കരുനാഗപ്പള്ളി എ സി പി എസ് ശിവപ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിറ്റി പോലിസ് കമ്മീഷണര്‍ അജിതാബീഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, ജില്ലാ പഞ്ചായത്തംഗം എസ് ശോഭ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മായ, പി കെ ലളിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ നിയാസ്, അനില്‍ പുത്തേഴം, മുന്‍ ഫുട്‌ബോള്‍ താരം കെ ടി ചാക്കോ, സിനിമാ താരം പ്രേം കുമാര്‍, ചവറ പാറുകുട്ടി, അമ്പിളി ദേവി, വെറ്ററന്‍ കായിക താരം തങ്കമ്മ, സിഐമാരായ രാജേഷ് കുമാര്‍, ഗോപകുമാര്‍, എസ്‌ഐ ജയകുമാര്‍, എ എസ് ഐ റഹിം പങ്കെടുത്തു.

RELATED STORIES

Share it
Top