ലഹരിക്കെതിരേ 'അരുത് ചങ്ങായീ'

നാദാപുരം: വര്‍ധിച്ചു വരുന്ന ലഹരി ഉപായയോഗത്തിനെതിരെ കേരള പോലീസ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു.’അരുത് ചങ്ങായീ ‘എന്ന തലക്കെട്ടില്‍ നാദാപുരം സബ് ഡിവിഷന്‍ പരിധിയില്‍ കുട്ടിപ്പോലീസ് സംഘത്തെ ഉപയോഗിച്ചാണ്  ബോധവല്‍ക്കരണം നടത്തുന്നത്. വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എഴുപത്തഞ്ചോളം വരുന്ന കാഡറ്റുകളാണ് ടീമിലുള്ളത്.
നാദാപുരം ഡിവൈഎസ്പി   വി കെ രാജു തയ്യാറാക്കിയ സ്‌ക്രിപ്റ്റ് സ്റ്റുഡന്റസ് കാഡറ്റുകള്‍ തന്മയത്വത്തോടെ ചിത്രീകരിക്കുമ്പോള്‍ സദസില്‍ നിറഞ്ഞ കൈയടിയും അംഗീകാരവുമാണ് ലഭിക്കുന്നത്. കുട്ടിപ്പോലീസിനൊപ്പം ജനമൈത്രി പോലീസും ബോധവല്‍ക്കരണത്തിന് സജീവമായി രംഗത്തുണ്ട്. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതില്‍ രക്ഷിതാക്കളുടെ കുറ്റകരമായ പങ്കാളിത്തം വരച്ചു കാണിക്കുന്ന രംഗം രക്ഷിതാക്കളുടെ നിരുത്തരവാദിത്തത്തിന്റെ നേര്‍ കാഴ്ചയായി. കാംപസുകളില്‍ ഏജന്റുമാരെ വെച്ച് മദ്യ , മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നതിന്റെ അപകടാവസ്ഥയും വിവരിക്കുന്ന രംഗങ്ങള്‍  പ്രത്യേകശ്രദ്ധ നേടി. രക്ഷിതാക്കള്‍ക്ക് യഥാര്‍ഥ പാരന്റിംഗിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ചിത്രീകരണം സഹായകരമായി.
നാദാപുരം ഡിവിഷനിലെ സ്‌കൂള്‍ കാംപസുകളില്‍ ഇതിനകം അവതരിപ്പിച്ച ഫ്ളാഷ് മോബിന്റെ സിഡി പുറത്തിറങ്ങി. ജില്ലയിലെ ആയിരം വിദ്യാലയങ്ങളില്‍ സൗജന്യമായി സിഡി വിതരണം ചെയ്യും. സിഡി പ്രകാശനം സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. നാദാപുരം എംഎല്‍എ  ഇ കെ വിജയന്‍ ഏറ്റുവാങ്ങി. ഡിവൈഎസ്പി വി കെ രാജു, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top