ലശ്കറെ ത്വയ്യിബയുടെ ധനസഹായ സെല്‍ഏഴു ഹിന്ദുത്വര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഏഴു ഹിന്ദുത്വര്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ധനസമാഹരണം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ലഖ്‌നോ, പ്രതാപ്ഗഡ്, മധ്യപ്രദേശിലെ റിവാന്‍ എന്നിവിടങ്ങളില്‍ നിന്നായാണ് പത്തു പേര്‍ അറസ്റ്റിലായതെന്ന് എടിഎസ് വ്യക്തമാക്കി.
പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുകയായിരുന്നു ഇവരെന്ന് എടിഎസ് ഐജി അസിം അരുണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സഞ്ജയ് സരോജ്, നീരജ് മിശ്ര, ഉമ പ്രതാപ് സിങ്, മുകേഷ് പ്രസാദ്, നിഖില്‍ റായി എന്ന മുഷര്‍റഫ് അന്‍സാരി, അങ്കുര്‍ റായി, ദയാനന്ദ് യാദവ്, നസീം അഹ്മദ്, നഈം അര്‍ഷദ്, സാഹില്‍ മസീഹ് എന്നിവരാണ് അറസ്റ്റിലായത്. ലശ്കറെ ത്വയ്യിബ അംഗം ഇവരുമായി ബന്ധപ്പെട്ട് വ്യാജപേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെടുകയും ആരുടെ അക്കൗണ്ടിലേക്ക് എത്ര തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കുകയും 10 മുതല്‍ 20 ശതമാനം വരെ കമ്മീഷന്‍ നല്‍കുകയും ചെയ്തിരുന്നുവെന്നും എടിഎസ് ഐജി പറഞ്ഞു. ഇതുവരെ ഒരു കോടി രൂപയിലധികം ഇങ്ങനെ കൈമാറ്റം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരില്‍ ചിലര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍, ചിലര്‍ ഇതു വ്യാജ ലോട്ടറി പോലെയാണെന്നാണ് കരുതിയിരുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എടിഎം കാര്‍ഡുകള്‍, 42 ലക്ഷം രൂപ, സൈ്വപിങ് മെഷീന്‍, മാഗ്നറ്റിക് കാര്‍ഡ് റീഡര്‍, മൂന്നു ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകള്‍, ഒരു നാടന്‍ തോക്കും തിരകളും തുടങ്ങിയവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് എടിഎസ് ഐജി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top