ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരള ലളിതകലാ അക്കാദമി 2017-18ലെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്. കടക്കൂ പുറത്ത് എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണിനാണ് പുരസ്‌കാരം. വി ആര്‍ രാഗേഷ്(മാധ്യമം), ഇ സുരേഷ്(ദേശാഭിമാനി വീക്കിലി) എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
2017-18 വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി ആകെ 43 അപേക്ഷകള്‍ ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന സംസ്ഥാന പുരസ്‌കാരം ഒരാള്‍ക്കും, 25,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന രണ്ട് ഹോണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങളുമാണ് നല്‍കുന്നത്.
യേശുദാസന്‍,  അഡ്വ. എം എം മോനായി, ഡോ. ഷാജു നെല്ലായി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 26ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. 31 മുതല്‍ ആഗസ്ത് 6 വരെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കും.

RELATED STORIES

Share it
Top