ലഭ്യത കുറഞ്ഞതിനാല്‍ കുടിവെള്ളം സുരക്ഷിതെമന്ന് ഉറപ്പുവരുത്തണം

തൃശൂര്‍: ജില്ലയില്‍ പലയിടങ്ങളിലും ഭൂഗര്‍ഭജലനിരക്ക് താഴുകയും, കുടിവെള്ളലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തില്‍ കുടിവെള്ളം സുരക്ഷിതമാണെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത നിര്‍ദ്ദേശിച്ചു. മുഖ്യമായും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മലിനമായ ജലം കുടിക്കുന്നത് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ പല മാരകരോഗങ്ങള്‍ക്കും കാരണമാകും.
ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കടകള്‍ ഇതിന് ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കണം. വ്യാപാര അടിസ്ഥാനത്തിലുള്ള ഐസ് നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു. ഭക്ഷണസാധനങ്ങള്‍ തുറന്ന് വച്ച് വില്‍ക്കുന്നത് ഈച്ചയും മറ്റ് പ്രാണികളും മൂലം മലിനമാകുന്നതിന് ഇടയാക്കും. എല്ലാ ഭക്ഷണശാലകളും ആഹാരം നല്ല രീതിയില്‍ അടച്ച് സൂക്ഷിക്കണം.
ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമായിരിക്കും. വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ വെല്‍കം ഡ്രിങ്ക് കഴിയുന്നതും ഒഴിവാക്കണം. പൂരങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ മുതലായ അവസരങ്ങളില്‍ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശീതളപാനീയങ്ങളും ഹോട്ടല്‍ ഭക്ഷണങ്ങളും ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
കുടിവെള്ള ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്യുന്നവര്‍ വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ടാങ്കറുകളുടെ പരിശോധന കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു.
കടുത്ത പനി, ഓക്കാനം, ചര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ  രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് വിദഗ്ധ ചികിത്സ നേടണം.  ധാരാളം പാനീയങ്ങള്‍ കുടിക്കുകയും, നന്നായി വിശ്രമിക്കുകയും വേണം. ഒറ്റമൂലി ചികിത്സ നടത്തി അവശനിലയിലായി മരണം വരെ സംഭവിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഡിഎംഒയുടെ മുന്നറിയിപ്പ്.

RELATED STORIES

Share it
Top