ലഫ്റ്റനന്റ് ഗവര്‍ണര്‍പരമാധികാരിയല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നിയന്ത്രണം ആര്‍ക്കെന്ന അധികാരത്തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി സുപ്രിംകോടതി വിധി. സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം ആവശ്യമില്ലെന്ന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി ദേശീയ തലസ്ഥാനപ്രദേശത്ത് പോലിസ്, പൊതുസമാധാനപാലനം, ഭൂമി എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. അതിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിന് പരിമിതികളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് അധികാരം. സര്‍ക്കാരിനെ ഉപദേശിക്കുക, സഹായിക്കുക എന്നതാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതല. എന്നാല്‍ ഭൂമി, പോലിസ്, പൊതുസമാധാനപാലനം എന്നിവയില്‍ കേന്ദ്രത്തിനാണ് ദേശീയ തലസ്ഥാനപ്രദേശത്ത് നിയന്ത്രണം. ഇത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വഴി നിര്‍വഹിക്കപ്പെടും. ഗവര്‍ണറുടേതിന് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി. ദേശീയ തലസ്ഥാനപ്രദേശത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന 2016ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹരജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ വിധി പറഞ്ഞത്.
ഡല്‍ഹി സര്‍ക്കാരിന്റെ നടപടികള്‍ തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന് വിധി അര്‍ഥമാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ യാന്ത്രികമായി റിപോര്‍ട്ട് ചെയ്യേണ്ടതില്ല. ഇക്കാര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വിവേചനാധികാരമാണ് വേണ്ടത്. എല്ലാ തീരുമാനങ്ങളും രാഷ്ട്രപതിയിലേക്ക് പോവുകയാണെങ്കില്‍ ഭരണം നിശ്ചലമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 239ാം വകുപ്പ് നല്‍കുന്ന വിവേചനാധികാരം വിനിയോഗിക്കുമ്പോള്‍ ജനതാല്‍പര്യത്തിന് മുന്‍തൂക്കം നല്‍കണം. സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം.
ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി 15 ദിവസം നീണ്ട വാദത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരന്തരമായി തടസ്സം സൃഷ്ടിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം. പ്രധാനന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇതെന്നും എഎപി ആരോപിക്കുന്നു. ഡല്‍ഹി സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, പി ചിദംബരം, ഇന്ദിര ജയ്‌സിങ്, രാജീവ് ധവാന്‍ എന്നിവരും കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങുമാണ്  ഹാജരായത്.

RELATED STORIES

Share it
Top