ലജ്‌നത്ത് സ്‌കൂള്‍ അധ്യാപികയുടെ അപ്രതീക്ഷിത വേര്‍പാട് വേദനയായി

ആലപ്പുഴ:  ലജ്‌നത്ത് സ്‌കൂള്‍ അധ്യാപിക ബിനുജ ആര്‍ നായരുടെ അപ്രതീക്ഷിത വേര്‍പ്പാട്  സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേദനയായി. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയും എന്‍എസ്എസ്  കോഓഡിനേറ്ററുമായിരുന്ന ബിനുജ ആര്‍ നായര്‍(46) വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെടുന്നത്.
ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മുതല്‍ ഇംഗ്ലിഷ് അധ്യാപികയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ സാമ്പാദിക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ബിനുജ ടീച്ചര്‍ സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ കുട്ടികളെ സംസ്ഥാനതലം വരെ എത്തിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ അംഗീകാരംനേടികൊടുക്കുന്നതിലും ആത്മാര്‍ത്ഥായി പരിശ്രമിച്ചു.  എന്‍എസ്.എസ്് കോഓഡിനേറ്റര്‍ എന്ന നിലയില്‍ ടീച്ചറുടെ നേതൃത്വം വോളണ്ടിയേഴ്‌സില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധിച്ചു.
ജില്ലയിലെ പ്രമുഖ എന്‍എസ്എസ് യൂണിറ്റായി ലജ്‌നത്തിനെ മാറ്റുന്നതില്‍ ടീച്ചറുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ആലപ്പുഴ റോട്ടറി ക്ലബ്ലുമായി സഹകരിച്ച് സ്‌കൂളില്‍ ആരംഭിച്ച പച്ചക്കറി തോട്ടം സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് വലിയ സഹായകമായി.കഴിഞ്ഞ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് വണ്ടാനം മെഡിക്കള്‍ കോളേജിലെ കിടപ്പ് രോഗികള്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പടെയുളളവ എത്തിക്കുന്നതിന് നേതൃത്വം കൊടുത്തകാര്യം സ്‌കൂളിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഓര്‍ത്തെടുക്കുന്നു.
ടീച്ചറുടെ നിര്യാണത്തില്‍ സ്‌കൂള്‍ മാനേജര്‍ എ എം നസീര്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റന്‍ഡിങ്  കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി എ അഷ്‌റഫ് കുഞ്ഞാശാന്‍, പിടിഎ പ്രസിഡന്റ് എം കെ നവാസ്, പ്രധാനാധ്യാപിക ഖദീജ പി  തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ഇന്ന് രാവിലെ ഏഴുമുതല്‍ സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

RELATED STORIES

Share it
Top