ലങ്കയെ തല്ലിപ്പറത്തി ഇന്ത്യക്ക് പരമ്പര
ഇന്‍ഡോര്‍: ഇന്‍ഡോറിലെ പുല്‍മൈതാനത്ത് രോഹിത് ശര്‍മ ബാറ്റുകൊണ്ട് വെടിക്കെട്ടൊരുക്കിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പര ഇന്ത്യക്ക് സ്വന്തം. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ (118)  കരുത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയെ 17.2 ഓവറില്‍ 172 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ജയത്തോടെ മൂന്ന് മല്‍സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മയാണ് കളിയിലെ താരം 261 എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ശ്രീലങ്കയുടെ മുന്നേറ്റ നിര മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയെ പിടിച്ചിട്ട് ഇന്ത്യ വിജയം പിടിക്കുകയായിരുന്നു. 37 പന്തില്‍ 77 റണ്‍സ് നേടിയ കുശാല്‍ പെരേരയും 29 പന്തില്‍ 47 റണ്‍സ് നേടിയ ഉപുല്‍ തരംഗയും ഇന്ത്യയെ വിറപ്പിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇരുവരേയും മടക്കി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന 17 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് ശ്രീലങ്ക നഷ്ടപ്പെടുത്തിയത്. ഇന്ത്യന്‍ നിരയില്‍ യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ, ജയദേവ് ഉനദ്ഗട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി സ്വപ്‌ന തുല്യമായ തുടക്കമാണ് രോഹിത് ശര്‍മയും കെ എല്‍ രാഹുലും (89)ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ 10 ഓവറില്‍ ഇരുവരും ചേര്‍ന്ന്  ഇന്ത്യന്‍ സ്‌സ്‌കോര്‍ബോര്‍ഡില്‍ 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കൂടുതല്‍ ആക്രമണകാരിയായി ബാറ്റ് വീശിയ ഇന്ത്യന്‍ നായകന്‍ രോഹിത് 35 പന്തില്‍ സെഞ്ച്വറി അക്കൗണ്ടിലാക്കി. 11 ഫോറും എട്ട് സിക്‌സറും പറത്തിയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ട്വന്റി മല്‍സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും 35 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.  രോഹിത് (118) 43 പന്തില്‍ 12 ഫോറും 10 സിക്‌സും അക്കൗണ്ടിലാക്കി ചമീരയുടെ പന്തില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 12.4 ഓവറില്‍ ഒരു വിക്കറ്റിന് 165 എന്ന മികച്ച നിലയിലായിരുന്നു.  തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ രാഹുലിന്റെ ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തിയത്. 49 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും പറത്തി 89 റണ്‍സുമായി രാഹുല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 18.3 ഓവറില്‍ രണ്ടിന് 243 എന്ന മികച്ച നിലയിലായിരുന്നു. എംഎസ് ധോണി (28), ഹര്‍ദിക് പാണ്ഡ്യ (10) എന്നിവരും ഇന്ത്യക്ക് നിര്‍ണായക റണ്‍സുകള്‍ സമ്മാനിച്ചു. ശ്രേയസ് അയ്യര്‍ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേഷ് കാര്‍ത്തികും (5), മനീഷ് പാണ്ഡെയും (1) പുറത്താവാതെ നിന്നു.ശ്രീലങ്കയ്ക്ക് വേണ്ടി തിസാര പെരേരയും നുവാന്‍ പ്രതീപും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ചമീര ഒരു വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top