ലക്ഷ്യമിടുന്നത് ഒരു സമൂഹത്തെ

അക്ബറും സാക്കിറും  പ്രതീകം -2 ,  പി  എ  എം  ഹാരിസ്

മതപ്രബോധകനും പ്രഭാഷകനുമായ എം എം അക്ബറിനെ ലക്ഷ്യമിടുമ്പോഴും ഇത് വിശാലമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു വിലയിരുത്താന്‍ സാധിക്കാത്തവരുണ്ട്. രഹസ്യവിവരങ്ങള്‍ ആദ്യം ചോര്‍ന്നുകിട്ടുന്നത് ഒരുവിഭാഗം മാധ്യമങ്ങള്‍ക്ക്. പീസ് ടിവി എന്നത് ഡോ. സാക്കിര്‍ നായികിന്റെ ചാനലിന്റെ പേരായതിനാല്‍ കേരളത്തിലെ പീസ് സ്‌കൂളുകളുമായി ബന്ധപ്പെടുത്തി വാര്‍ത്ത, പീസ് സ്‌കൂളില്‍ അല്‍പ്പകാലം ജോലി ചെയ്തു വിട്ടുപോയ ഒരു യുവാവിന്റെ ദുരൂഹമായ തിരോധാന വാര്‍ത്ത പിറകെ, ജോലി തേടിവന്ന യുവതിയെക്കുറിച്ച് അടുത്തത്, കൊച്ചിയിലെ പീസ് സ്‌കൂളിനെക്കുറിച്ചും ഒടുവില്‍ പാഠപുസ്തകത്തെക്കുറിച്ചും വാര്‍ത്തകള്‍. ഹിന്ദുത്വര്‍ തെരുവിലിറങ്ങുന്നതിനു മുമ്പ് യുവസഖാക്കളുടെ മാര്‍ച്ച് ബഹളം. ആടിനെ പട്ടിയാക്കിയാല്‍ പേപ്പട്ടിയാക്കാന്‍ എന്തെളുപ്പം.
കൊച്ചി പീസ് പാഠപുസ്തകത്തിലെ ഒരു വരിയെച്ചൊല്ലി അന്വേഷണവും കേസും. പിറകെ കൊല്ലം കൊട്ടിയത്തും തൃശൂര്‍ കാട്ടൂരിലും കേസ്. ആരോ രചിച്ച് മറ്റാരോ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിലെ പഠിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ച ഭാഗത്തിന്റെ പേരില്‍ സ്‌കൂള്‍ ഡയറക്ടര്‍ കസ്റ്റഡിയിലാവുന്നതിന്റെ ന്യായം വിടുക. എം എം അക്ബറിന്റെ ജാമ്യാപേക്ഷ തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിരത്തിയ ആരോപണങ്ങള്‍ നോക്കുക. ദേശാന്തരബന്ധം, വിദേശസഹായം തുടങ്ങി എല്ലാ ചേരുവകളും. വിദേശത്തുള്ള രക്ഷിതാക്കള്‍ മക്കളുടെ ഫീസായി നല്‍കുന്ന തുകയെപ്പറ്റി വരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. അവ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കിയതാണ് എന്നു കരുതാം.
പിറകെ വീണ്ടും വാര്‍ത്ത. വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളില്‍ നിന്നു ദേശീയഗാനം അടങ്ങിയ പേജ് ചീന്തിയിട്ടതിന് കേസ്. പാഠപുസ്തകങ്ങളില്‍ നിന്നു ദേശീയഗാന പേജ് കീറിക്കളഞ്ഞുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടേയില്ലെന്നും സ്‌കൂള്‍ പ്രധാനാധ്യാപിക സോഫിയ താജുദ്ദീന്‍ വിശദീകരിച്ചിരുന്നു. ഇതുസംബന്ധമായി സ്‌കൂളിനെതിരേ ഒരു കേസും നിലവിലില്ല. എന്നാലും മാധ്യമങ്ങള്‍ ആ കള്ളക്കഥയെഴുതി. ചുരുക്കത്തില്‍, തടവറയില്‍ അക്ബറിന്റെ താമസം നീണ്ടു.
മുഖ്യമന്ത്രിയെയും പോലിസ് മേധാവിയെയും കണ്ട് ചര്‍ച്ച നടത്തിയാല്‍ തീരുന്നതാണ് എല്ലാമെന്ന് ധരിക്കുന്ന സുന്ദരവിഡ്ഢികള്‍ മറ്റുള്ളവരാരും ചര്‍ച്ചയ്ക്കു പോവാത്തതാണ് പ്രശ്‌നമെന്ന് കരുതുന്നു. പ്രതിഷേധം കനത്താല്‍ തീവ്രവാദമുദ്ര പതിയുമോ എന്ന ഭയം. പ്രാര്‍ഥന മാത്രം മതിയാവുമെന്ന പ്രസ്താവന വന്നു. പ്രവര്‍ത്തിക്കാനും അതിനുശേഷം പ്രാര്‍ഥിക്കാനുമാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്ന  പാഠം പോലും വിസ്മൃതമാവുന്നു.
കണ്ണുതുറക്കാന്‍ സമയമായി. അക്ബറിന് നേരെ നടന്ന അക്രമം നാളെ ഏതൊരു പ്രബോധകനെതിരേയും വരാം. ഇബ്രാഹീം നബി വിഗ്രഹങ്ങളെ തകര്‍ത്തുവെന്ന് പഠിപ്പിക്കുന്നത് മതവിദ്വേഷം വളര്‍ത്തുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഈ പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലുമുള്ളതാണ്. ഈ സൂക്തം പഠിച്ച ഒരു മുസ്‌ലിമും അതിന്റെ അടിസ്ഥാനത്തില്‍ എവിടെയും വിഗ്രഹം തകര്‍ക്കാനെത്തിയിട്ടില്ല. ക്ഷേത്രം ആക്രമിക്കാനുള്ള ആഹ്വാനമായി ആരും അത് കരുതുന്നില്ല.  മുഹമ്മദ് നബി അന്തരിച്ച വേളയില്‍ അനുചരന്‍ ഉമര്‍ ബിന്‍ ഖത്താബ്, മുഹമ്മദ് നബി മരിച്ചുവെന്നു പറയുന്നവന്റെ തല ഞാനെടുക്കുമെന്ന് പ്രതികരിച്ചിരുന്നു. അത് കുട്ടികളെ പഠിപ്പിച്ചാല്‍ അക്രമത്തിന് പ്രചോദനമാവുമെന്നായിരുന്നു അടുത്ത വാദം. ഇസ്‌ലാമിക ചരിത്രത്തിലെ മറച്ചുവയ്ക്കാനാവാത്ത സംഭവമാണിത്. ഇതോടൊപ്പം ചേര്‍ത്ത് മദ്‌റസകളില്‍, മുഹമ്മദിനെ ആരാധിച്ചവര്‍ അറിയുക, അദ്ദേഹം മരിച്ചിരിക്കുന്നു, അല്ലാഹുവിനെ ആരാധിച്ചവര്‍  അറിയുക, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് എന്ന മറ്റൊരു അനുചരനായ അബൂബക്കര്‍ സിദ്ദീഖിന്റെ പക്വമായ വാക്കുകളും പഠിപ്പിക്കാറുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശവുമാണത്. ഇഹലോകത്തേക്കാള്‍ പരലോകമാണ് ഉത്തമമെന്നും സ്വര്‍ഗം ലഭിക്കാന്‍ അധ്വാനിക്കണമെന്നും പഠിപ്പിക്കുന്നതും മരണശേഷം നാഥനാര്, നബിയാര് എന്നു മലക്കുകള്‍ ചോദിക്കുമെന്ന് പഠിപ്പിക്കുന്നതുമെല്ലാം മതവിദ്വേഷമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ഇതെല്ലാം നൂറ്റാണ്ടുകളായി ഇസ്‌ലാം മത വിശ്വാസികള്‍ പഠിച്ചും പ്രയോഗിച്ചും വരുന്നതാണ്. യഥാര്‍ഥ വിശ്വാസികളില്‍ നിന്നു ലോകത്തിന് നന്മ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതിന് ചരിത്രം സാക്ഷി.
എണ്‍പതുകളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കുപ്രസിദ്ധമായ മതപരിവര്‍ത്തനം തടയല്‍ ബില്ല് ഓര്‍മയിലെത്തുന്നു. മതപരിവര്‍ത്തനത്തിന് പ്രലോഭനവും ഭീഷണിയും പാടില്ലെന്നായിരുന്നു വ്യവസ്ഥ. ഒരു മതവിശ്വാസിക്കും യാതൊരു എതിര്‍പ്പും രേഖപ്പെടുത്താനാവാത്ത പത്തരമാറ്റ് വ്യവസ്ഥ. അതിന്റെ വിശദീകരണത്തിലായിരുന്നു കെണി. വിശ്വാസിയായി സദ്‌വൃത്തനായി ജീവിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് നിങ്ങള്‍ പറയുന്നുവോ, എങ്കില്‍ നിങ്ങള്‍ പ്രലോഭിപ്പിക്കുകയാണ്. അതല്ല,  അവിശ്വാസിയായി ദുര്‍വൃത്തനായി ജീവിതം നയിച്ചാല്‍ നരകം കാത്തിരിക്കുന്നുവെന്നാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ ഭീഷണി മുഴക്കുകയാണ് എന്നാണ് ബില്ലില്‍ വ്യാഖ്യാനം നല്‍കിയത്. കടുത്ത എതിര്‍പ്പുയര്‍ന്നതോടെ ബില്ല് നിരാകരിക്കപ്പെട്ടു.
ഹാദിയ കേസ് വിധിയില്‍ ഹൈക്കോടതിയിലെ നീതിമാന്മാരും സുപ്രിംകോടതിക്കു സമര്‍പ്പിച്ച ഹരജിയില്‍ നിയമ വിദഗ്ധരും മഹാപാതകമായി എഴുതിവച്ചതും വാദിച്ചതും നരകം പറഞ്ഞ് ഭയപ്പെടുത്തുകയും സ്വര്‍ഗം പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് തന്നെയാണ്.
സംഘപരിവാരത്തിന്റെ ലൗ ജിഹാദ് നുണകള്‍ക്ക് പോലിസും മാധ്യമങ്ങളും ചേര്‍ന്നു പശ്ചാത്തലസംഗീതം തീര്‍ത്തത് ഓര്‍മയിലുണ്ടാവണം. എംഎസ്എഫ് പ്രവര്‍ത്തകനായ സഹപാഠിയിലൂടെ  ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കിയ പത്തനംതിട്ടയിലെ പ്രഫഷനല്‍ വിദ്യാര്‍ഥിനികള്‍ മതം പഠിക്കാന്‍ തീരുമാനിച്ചതാണ് മസാലകളും മേമ്പൊടികളും ചേര്‍ത്ത് വന്‍ വിവാദമാക്കി പോപുലര്‍ ഫ്രണ്ടിന് നേരെ ഉയര്‍ത്തിയത്. കള്ളം എട്ടുനിലയില്‍ പൊട്ടിയെങ്കിലും വസ്തുത വൈകാതെ പുറത്തുവന്നു. ആര്‍എസ്എസുകാരന്റെ പ്രണയവിവാഹ തട്ടിപ്പില്‍ വഞ്ചിതയായ മുസ്‌ലിം യുവതി കണ്ണീരുമായി അമ്മയുടെ ചാനലില്‍ വരെ എത്തിയത് കേരളം കണ്ടു. പല യുവതികളുടെയും മൃതദേഹങ്ങള്‍ തഞ്ചാവൂരിലും മറ്റും റെയില്‍ ട്രാക്കുകളില്‍ കണ്ടു. സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് തൃപ്പൂണിത്തുറ കേന്ദ്രത്തില്‍ നേരിട്ട പീഡനങ്ങള്‍ നാം കേട്ടു. അതുപോലും മറികടന്ന ഇരകള്‍ ഹിന്ദുത്വ വര്‍ഗീയതയുടെ പൊയ്മുഖം പൊളിച്ചടുക്കി.
ഹാദിയക്ക് ഇസ്‌ലാം പരിചയപ്പെടുത്തിയ സഹപാഠികള്‍ക്കു നേരെ ഭയപ്പെടുത്തുംവിധം അന്വേഷണ കോലാഹലങ്ങളുണ്ടായി. പെരിന്തല്‍മണ്ണയില്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് സഹായം നല്‍കിയ വനിതയടക്കമുള്ള പൊതുപ്രവര്‍ത്തകരെ ആഴ്ചകളോളം തുറുങ്കിലടച്ചു.
തികച്ചും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സലഫി സെന്ററും മലപ്പുറം മഞ്ചേരിയിലെ സത്യസരണിയും സ്വമേധയാ മതപഠനത്തിനു തയ്യാറാകുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്കു നേരെ അട്ടഹാസങ്ങളുമായി സംഘപരിവാരം തെരുവിലിറങ്ങിയപ്പോള്‍ നാണയത്തിന്റെ ഇരുപുറം തേടുന്ന തിരക്കിലായിരുന്നു ചില മതസംഘടനകളും പണ്ഡിതന്മാരും. അശോകന്റെ രണ്ടാം ഹേബിയസ് കോര്‍പസ് ഹരജിയില്‍ കേരള ഹൈക്കോടതി നല്‍കിയ വിചിത്രമായ വിധിയായിരുന്നില്ല വിമര്‍ശകര്‍ക്കു പ്രശ്‌നം; അതിനെതിരേ പ്രതിഷേധിച്ചതായിരുന്നു.
മുസ്‌ലിം സംഘടനകളെക്കുറിച്ച് ജന്മഭൂമിയും കേസരിയും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെ ദുസ്സൂചനകളെങ്കിലും കണ്ണുതുറപ്പിക്കണം. ഫാത്തിമയായി മാറിയ നിമിഷയുടെ അമ്മ വിരല്‍ചൂണ്ടുന്നത് മുജാഹിദീന്‍ എന്ന നിരോധിത സംഘടനയുടെ പേരിലുള്ള വിദ്യാര്‍ഥിസംഘടനയിലേക്കാണെന്ന് ജന്മഭൂമി വാര്‍ത്ത (2015 ജൂലൈ 10) പറയുന്നു. പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പല സംഘടനകളുടെയും പ്രവര്‍ത്തനം.  പ്രോഫ്‌കോണ്‍, മെഡി കോണ്‍ എന്നിങ്ങനെ പരിപാടികള്‍ നടത്തുന്നതിനെക്കുറിച്ചും വാര്‍ത്തയിലുണ്ട്. ഇത്തരം പ്രഫഷനല്‍ വിദ്യാര്‍ഥി സംഗമങ്ങളുടെ സംഘാടകരില്‍ പലയിനം എംഎസ്എമ്മുകള്‍ മാത്രമല്ല, സാക്ഷാല്‍ കാന്തപുരം സുന്നി വിഭാഗം എസ്എസ്എഫും ഉള്‍പ്പെടുമെന്ന് മറക്കരുത്. അതിഥികളില്‍ കെ സുരേന്ദ്രന്‍ കൂടി ഉള്‍പ്പെടുമെന്ന് കരുതി ഈ പുള്ളികള്‍ മായ്ക്കാനാവില്ല. കാരണം, വ്യക്തികളും സംഘടനകളുമല്ല ലക്ഷ്യം; ഇസ്‌ലാം തന്നെയാണ്. ആ നീക്കത്തിന് പ്രചോദനം പൈശാചികതയും.                                                ി

(അവസാനിച്ചു.)

RELATED STORIES

Share it
Top