ലക്ഷദ്വീപില്‍ എന്‍സിപി പിളര്‍ന്നു; ഒരു വിഭാഗം ജെഡിയുവിനൊപ്പം

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: ലക്ഷദ്വീപിലെ പാര്‍ലമെന്റംഗം പ്രതിനിധീകരിക്കുന്ന എന്‍സിപി പിളര്‍ന്നു. ഒരു വിഭാഗം എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിനൊപ്പം ചേര്‍ന്നു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി എം സഈദിന്റെ എതിരാളിയായിരുന്ന ഡോ. കോയയുടെ മകന്‍ ഡോ. സാദിഖാണ് ജെഡിയുവിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലേക്ക് ഈ തവണ മല്‍സരിക്കുന്നത്.
നിലവില്‍ എന്‍സിപി പാര്‍ലമെന്റംഗമായ ഫൈസലാണ് അടുത്ത തിരഞ്ഞെടുപ്പിലും എന്‍സിപി സ്ഥാനാര്‍ഥി. ഇപ്പോഴത്തെ എന്‍സിപിക്കാര്‍ ഒന്നടങ്കം നേരത്തേ ജെഡിയുവിലായിരുന്നു. ഈ കാലത്താണ് ഡോ. പൂക്കുഞ്ഞിക്കോയ കോണ്‍ഗ്രസ്സിലെ സഈദിനെ തോല്‍പിച്ച് പാര്‍ലമെന്റിലെത്തിയത്. കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചതോടെ ജെഡിയുവില്‍ നിന്നു വീണ്ടും എന്‍സിപിയിലേക്ക് ചുവടുമാറ്റി. ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം തുടങ്ങിയ കാര്യങ്ങളില്‍ സംഘപരിവാരത്തിനെതിരേ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ജെഡിയുവില്‍ നിന്ന് എന്‍സിപിയിലേക്ക് കോണ്‍ഗ്രസ് എതിരാളികള്‍ മടങ്ങിപ്പോയത്. ദ്വീപിലെ എന്‍സിപി ഓഫിസുകളെല്ലാം ഡോ. കോയയുടെ പേരിലായതിനാല്‍ ഇദ്ദേഹത്തിന്റെ മകന്‍ ഡോ. സാദിഖിന്റെ നേതൃത്വത്തില്‍ ജെഡിയുക്കാര്‍ പിടിച്ചെടുത്തു. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഈ മാസം 31ന് കവറത്തിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നേരത്തേ നടന്ന യോഗത്തില്‍ ഹംദുല്ല സഈദിനെ സ്ഥാനാര്‍ഥിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അനുമതിക്കായി അയച്ചിട്ടുണ്ട്. ഈ മാസത്തെ യോഗത്തിനു ശേഷം പരസ്യമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങും. നേരത്തേ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴു ദ്വീപിലും പഞ്ചായത്ത് ഭരണവും ജില്ലാ പഞ്ചായത്തും കോണ്‍ഗ്രസ്സിന്റെ കൈയിലായതിനാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തും രണ്ടു പഞ്ചായത്തുകള്‍ അധികമായും എന്‍സിപിയില്‍ നിന്നു കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1300ഓളം വോട്ടുകള്‍ക്കാണ് എന്‍സിപിയുടെ എം ബി ഫൈസല്‍ പാര്‍ലമെന്റിലെത്തിയത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും അഭിപ്രായവ്യത്യാസവും പരിഹരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു ദ്വീപ് ഫിഷര്‍മെന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച് കെ റഫീഖ്, ബി സി ചെറിയ കോയ, ജാഫര്‍ അമിനി, ഷുക്കൂര്‍ അഗത്തി പറഞ്ഞു.

RELATED STORIES

Share it
Top