ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വാതക ശ്മശാനം വീണ്ടും അടച്ചു

മട്ടന്നൂര്‍: നഗരസഭയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വാതക ശ്മശാനം വീണ്ടും അടച്ചു. മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ നിര്‍മിച്ച ശ്മശാനമാണ് അടഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് യന്ത്രത്തകരാറ് കാരണം ശ്മശാനം അടക്കുന്നത്. ഗ്യാസ് ചേംബറിനുണ്ടായ തകരാറാണ് ഇപ്പോള്‍ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.
കഴിഞ്ഞ എതാനും മാസം മുമ്പ് ഗ്യാസ് ചേംബറിനുണ്ടായ തകരാര്‍ മൂലം മാസങ്ങളോളം ശ്മശാനം അടച്ചിട്ടിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ശ്മശാനം പണിമുടക്കിയത്. ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച ശ്മശാനം മാസങ്ങള്‍ കഴിയും മുമ്പെ യന്ത്രങ്ങള്‍ പണിമുടക്കാന്‍ തുടങ്ങിയത് ശ്മശാനം പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.
ഇപ്പോള്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. പ്രവര്‍ത്തനരഹിതമായതോടെ പലരും കിലോമീറ്ററുകള്‍ താണ്ടി പൊതുശ്മശാനത്തിലോ സമീപ പഞ്ചായത്തുകളിലോ ആണ് സംസ്‌കരിക്കുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ അനിതാ വേണു പറഞ്ഞു.

RELATED STORIES

Share it
Top