ലക്ഷങ്ങള്‍ മുടക്കി കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടും പൊതുസ്ഥലം മലിനമാക്കുന്നു

വടകര: നഗരസഭ ലക്ഷങ്ങള്‍ മുടക്കി പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിച്ചിട്ടും പൊതുസ്ഥലം മലിനമാക്കുന്ന വിധം പലരും പുറത്ത് മലുമൂത്ര വിസര്‍ജ്ജനം നടത്തുന്നതായി പരാതി. പഴയ ബസ് സ്റ്റാന്‍ഡിന് തെക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ മാലിന്യ ടാങ്ക് നിറഞ്ഞതിനാലും, കെട്ടിടം ജീര്‍ണ്ണിച്ചിതിനാലും നഗരസഭ ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവൃത്തി നടത്തുകയായിരുന്നു.
പുതിയ ക്ലോസ്റ്റുകളും മറ്റും സ്ഥാപിക്കുകയും, പുറത്ത് ഇന്റര്‍ ലോക്ക് ചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന ചുമതല നഗരസഭ കണ്ടിജന്റ് ജീവനക്കാരെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇത്രയും സൗകര്യം ചെയ്തിട്ടും പലരും കെട്ടിടത്തിന് പുറത്ത് ബിഇഎം സ്‌കൂളിന് സമീപത്തായി കാര്യങ്ങള്‍ സാധിച്ച് പോവുകയാണ് ചെയ്യുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെയാണ് ചില സാമൂഹ്യ വിരുദ്ധര്‍ പൊതുസ്ഥലം മലിനമാക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്റെ സമീപത്ത് കൂടി ദിവസേന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമാണ് കാല്‍നടയാത്ര ചെയ്യുന്നത്. ഇവിടങ്ങളില്‍ മലിനമായതോടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. പകര്‍ച്ചാ വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇതിലൂടെ യാത്ര ചെയ്താല്‍ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്റ്റാന്‍ഡിന് സമീപം തമ്പടിക്കുന്ന ഇതര സംസ്ഥാനക്കാരടക്കമുള്ളവരാണ് ഇവിടെ മലിനമാക്കുന്നതെന്നും സമീപത്തെ കച്ചവടക്കാരും മറ്റും പറയുന്നത്. ഇവിടെ ക്യാമറ സ്ഥാപിച്ച് പൊതുസ്ഥലം മവലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top