ലക്ഷങ്ങള്‍ ചെലവഴിച്ച വളയം ഫെസ്റ്റ് വഴി ലഭിച്ചത് അരലക്ഷം

നാദാപുരം: നാട്ടിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി നടത്തിയ വളയം ഫെസ്റ്റിന്റെ കരാറുകാരന്‍ പഞ്ചായത്തിന് പണം നല്‍കിയില്ല. ഇതു മൂലം ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ഫെസ്റ്റില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചത് അരലക്ഷം രൂപ മാത്രം. 260000 രൂപയാണ് കരാറുകാരന്‍ പഞ്ചായത്തിന് നല്‍കാനുള്ളത്.
അതേ സമയം പഞ്ചായത്ത് പിരിച്ചെടുത്ത തുകയില്‍ നിന്നും ഇടനിലക്കാരന്‍ വാങ്ങിയ 25000 രൂപ  മൂന്നു മാസമായിട്ടും തിരിച്ചു നല്‍കിയിട്ടുമില്ല. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരേ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. കഴിഞ്ഞ മെയ് മാസത്തിലാണ് വളയം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഫെസ്റ്റ് നടത്തിയത്.
അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉള്‍പ്പെടെ സ്റ്റാളുകള്‍ നടത്താന്‍ മഞ്ചേരി സ്വദേശിക്കാണ് കരാര്‍ നല്‍കിയിരുന്നത്. 260000 രൂപക്കായിരുന്നു കരാര്‍. എന്നാല്‍ ഫെസ്റ്റ് വന്‍ വിജയമായിട്ടും കരാറുകാരന്‍ പഞ്ചായത്തിന് ഒരു സംഖ്യയും നല്‍കാതെ സ്ഥലം വിടുകയായിരുന്നു.
അതിനിടെ കരാറുകാരനെ ഏര്‍പ്പെടുത്തി നല്‍കിയ പുറമേരി സ്വദേശിയായ ഒരാളാണ് ഫെസ്റ്റിന്റെ ചെലവിലേക്കായി കണ്‍വീനറില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപ വാങ്ങിയത്. മേള കഴിഞ്ഞ് മൂന്നു മാസമാകാറായിട്ടും ഇതുവരെയും കടമായി വാങ്ങിയ തുകയും നല്‍കിയിട്ടില്ല. എന്നാല്‍ മേള നടക്കുന്നതിനിടെ കണ്‍വീനറുടെ ബന്ധു മരണപ്പെട്ടത് മൂലമുണ്ടായ പ്രയാസമാണ് കരാറുകാരനില്‍ നിന്ന് പണം കിട്ടാന്‍ വൈകിയത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ സ്വാഗത സംഘത്തിലെ മുഴുവന്‍ പേരും ഉണ്ടായിട്ടും പണം ലഭിക്കാത്തതിനെ ചൊല്ലി ഭരിക്കുന്ന പാര്‍ട്ടിയില്‍ പോലുംഇതുവരെ യാതൊരു പ്രതികരണവും ഉണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇതേ ചൊല്ലി വന്‍ ചര്‍ച്ചയും നടന്നിരുന്നു എന്നാണ് വിവരം. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്‍ വര്‍ഷം മൂന്നര ലക്ഷം രൂപ കണ്ടെത്തിയിരുന്നു.
പൊതുജനങ്ങളില്‍ നിന്നും പിരിവ് നടത്തിയായിരുന്നു പണം കണ്ടെത്തിയത്. കൂടുതല്‍ പണം കണ്ടെത്താന്‍ വേണ്ടി നടത്തിയ വളയം ഫെസ്റ്റിന്റെ വരുമാനമാണ് പഞ്ചായത്തിന് ലഭിക്കാനുള്ളത്.
ഇക്കുറി പരസ്യം വകയിലും പഞ്ചായത്തിന് വന്‍ തുക കിട്ടാന്‍ ബാക്കിയുണ്ട്. പഞ്ചായത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട തുക വാങ്ങിയെടുക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആഗസ്ത് മൂന്നിന് ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top