ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിച്ച നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു

മൂവാറ്റുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് മാസങ്ങള്‍ക്ക് മുമ്പ് മോടിപിടിപ്പിച്ച നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഇതേ തുടര്‍ന്ന് കംപ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് നാശനഷ്ടവും സംഭവിച്ചു. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഓഫിസ് ചോര്‍ന്നൊലിച്ചത്.
പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വെള്ളം ചോര്‍ന്നൊലിച്ചതോടെയാണ് കംപ്യൂട്ടര്‍ അടക്കമുള്ളവക്ക് കേടുപാടുള്‍ സംഭവിച്ചത്. ഇതോടെ ഉപകരണങ്ങള്‍ എല്ലാം ഓഫാക്കി വച്ചതോടെ ഓഫിസ് പ്രവര്‍ത്തനവും അവതാളത്തിലായി. നഗരസഭയുടെ പ്രധാന ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് ചോര്‍ച്ച അനുഭവപ്പെട്ടത്. ഓഫിസ് മുറികളില്‍ വെള്ളം കെട്ടി നിന്നതോടെ ജീവനക്കാരെല്ലാം പുറത്തേക്കിറങ്ങി. തുടര്‍ന്ന് തുടച്ച് വൃത്തിയാക്കിയെങ്കിലും മഴ തുടരുന്നതിനാല്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഏതാനുംനാള്‍ മുമ്പ് സീലിങ് അടര്‍ന്ന് വീണിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന പ്രതിപക്ഷാഗങ്ങള്‍ ആരോപിച്ചു. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുടെ പ്രവര്‍ത്തനം ഇതോടെ താറുമാറായിരിക്കുകയാണ്. സൂപ്രണ്ടിന്റെ  അടക്കമുള്ള ഓഫിസുകളിലാണ് വെള്ളം ചോര്‍ന്നൊലിക്കുന്നത്.

RELATED STORIES

Share it
Top