ലക്ഷങ്ങളുടെ മയക്കുമരുന്നുമായി നിലമ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍

നിലമ്പൂര്‍: മാരക മയക്കുമരുന്നായ എല്‍എസ്ഡിയുമായി രണ്ടു യുവാക്കള്‍ നിലമ്പൂരില്‍ പിടിയില്‍. താമരശ്ശേരി മൈകടവ് പ്ലത്തോട്ടത്തില്‍ ധീരജ് (25), കോഴിക്കോട് പെരുവയല്‍ പൂവ്വാട്ടുപറമ്പ് കറുത്തേടംപറമ്പ് താഴം വീട്ടില്‍ ഹര്‍ഷാദ്(26) എന്നിവരാണ് പിടിയിലായത്.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു വരുന്ന വഴി ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍ വച്ച് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റാംപ് രൂപത്തിലാക്കിയ മയക്കുമരുന്നാണ് ഇവര്‍ കൈവശം വച്ചിരുന്നത്.
206 സ്റ്റാംപുകള്‍ കണ്ടെത്തി. ഇവയ്ക്ക്  ആറു ലക്ഷത്തോളം രൂപ വിലവരുമെന്ന് ജില്ലാ എക്‌സൈസ് കമ്മീഷണര്‍ അനില്‍കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാലുന്ന മാനസികാവസ്ഥ കാണിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംസ്ഥാനത്ത് കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്കുമരുന്നുകളുടെ ഇടപാട് നടക്കുന്നത്. കോഴിക്കോട് മുക്കം കേന്ദ്രീകരിച്ചും ഇടപാടുകളുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് എല്‍എസ്ഡി സ്റ്റിക്കറുകള്‍ കൊണ്ടുവരുന്നത്.
നിലമ്പൂര്‍ മേഖലയില്‍ ഇതിന്റെ ആവശ്യക്കാരുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ട്രാവല്‍, ടൂറിസവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ ജോലിയെടുക്കുന്നവരാണ് പ്രതികള്‍. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ തുടരന്വേഷണം നടന്നു വരികയാണ്.

RELATED STORIES

Share it
Top