ലക്കിടി-പാമ്പാടി പാലം അപകടഭീഷണിയില്‍

പത്തിരിപ്പാല: രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള പാലം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് കുലുക്കമില്ല. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിച്ചിരുന്ന ലക്കിടി-പാമ്പാടി പാലമാണ് കാലപ്പഴക്കത്തിലും അധികൃതരുടെ അവഗണനയിലും തകര്‍ച്ചയിലേക്കു നീങ്ങുന്നത്. നൂറ്റാണ്ടു പഴക്കമുള്ള പാലത്തിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിനു ശക്തമായ കുലുക്കമുള്ളതിനാല്‍ യാത്രക്കാരും ഭീതിയിലാണ്. ഭാരതപ്പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഈ പാലം തകര്‍ച്ചയിലായിട്ട് കാലങ്ങളേറെയായി. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഏതുനിമിഷവും പാലം തകര്‍ന്നു വന്‍ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികളും ഇതുവഴി യാത്ര ചെയ്യുന്നവരും.
ഇതേ പാലത്തോടു ചേര്‍ന്നാണു ലക്കിടി -പാമ്പാടി തടയണയുമുള്ളത്. കാലപ്പഴക്കമുള്ള പാലത്തിന്റെ ചില തൂണുകള്‍ക്കും കേടുപാടു സംഭവിച്ചിട്ടുള്ളതിനാല്‍ അപകടസാധ്യത ഏറെയാണ്. കഴിഞ്ഞവര്‍ഷം പാലത്തിന്റെ തൂണുകളുടെ ബലക്ഷയം പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിരുന്നു.
ചില സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തടയണയിലെ വെള്ളമൊഴുക്കിക്കളഞ്ഞാല്‍ മാത്രമേ പാലത്തിന്റെ തൂണുകള്‍ പരിശോധിക്കാനാവൂ.
ഇത്രയും വെള്ളമൊഴിക്കിക്കളയുന്നതു പ്രദേശത്തെ കുടിവെള്ളവിതരണത്തെയും പ്രതിസന്ധിയിലാക്കും. മഴക്കാലത്ത് ശക്തമായ നീരൊഴുക്കുള്ളതിനാലും ഇത് സാധ്യമല്ലന്നതാണ് അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്. തൂണുകളുടെ ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമായതിനാല്‍ രാപകലന്യേ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ മറുകരയില്‍ തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടുന്ന ഐവര്‍മഠം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം, കുത്താമ്പുള്ളി നെയ്ത്തുശാലകള്‍ എന്നവയും ഇക്കരെ ലക്കിടി റെയില്‍വേസ്റ്റേഷന്‍, കുഞ്ചന്‍നമ്പ്യാരുടെ സ്മാരകമായ കലക്കത്തുഭവന്‍, സ്വകാര്യ മെഡിക്കല്‍ കോളജ് എന്നിവയുമാണുള്ളത്. പാലത്തിന്റെ തകര്‍ച്ച പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഇതുവഴിയുള്ള സുഗമയാത്ര ഉറളപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന ജനകീയ ആവശ്യം ശക്തമാവുകയാണ്.

RELATED STORIES

Share it
Top