റോ റോ വിവാദം: പ്രതിപക്ഷം മേയറെ ഉപരോധിച്ചു; അഞ്ചിന് അടിയന്തര കൗണ്‍സില്‍

കൊച്ചി: പ്രവര്‍ത്തനം മുടങ്ങിയ കോര്‍പ്പറേഷന്റെ റോ-റോ സര്‍വ്വീസ് പുനരാരംഭിക്കുക, അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചു. രാവിലെ മേയറെ ഓഫിസില്‍ ഉപരോധിച്ച പ്രതിപക്ഷം അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്നാവശ്യം അംഗീകരിക്കാതെ പിരിഞ്ഞ് പോവില്ലെന്ന് അറിയിച്ചു.
തുടര്‍ന്ന വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്നും പ്രത്യേക കൗണ്‍സില്‍ വിളിക്കാമെന്നും മേയര്‍ ഉറപ്പുപറഞ്ഞതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍  നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി കോര്‍പറേഷന്‍ വിഭാവനം ചെയ്ത റോറോ സര്‍വീസ് 16 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ച് റോ റോ തിരികെ കയറി.
സര്‍വീസ് പുനരാരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും പ്രതിപക്ഷം മേയറെ ഉപരോധിച്ചിരുന്നു. കപ്പല്‍ചാലുകള്‍ കടന്നുപോവുന്ന കായല്‍ഭാഗത്തൂടെയുള്ള റോറോ സര്‍വീസിനെ ഏറെ മുന്നൊരുക്കം ആവശ്യമായിട്ടും തട്ടിക്കൂട്ട് സര്‍വീസ് നടത്തുവാനാണ് ഭരണപക്ഷം ശ്രമിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തല്‍ഫലമായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചത്. നിയമവിരുദ്ധവും നിരുത്തരവാദിത്വപരവുമായ മേയറുടെ നടപടിക്കെതിരേയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്.
മെയ് 5ന് അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുന്നതിനുളള നോട്ടീസ് മേയര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തി വന്നിരുന്ന ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി വി പി ചന്ദ്രന്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൂര്‍ണിമ നാരായണന്‍, കൗണ്‍സിലര്‍മാരായ കെ ജെ ബെയ്‌സില്‍, ഷീബാലാല്‍, ജയന്തി പ്രേംനാഥ്, ബെനഡിക്ട് ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top