റോഹിന്‍ഗ്യ: മ്യാന്‍മര്‍ നടപ്പാക്കിയത് വംശീയ ഉന്‍മൂലനമെന്ന് ഒഐസി

ധക്ക: റോഹിന്‍ഗ്യര്‍ക്കെതിരേ മ്യാന്‍മര്‍ സര്‍ക്കാര്‍ നടപ്പാക്കിയത് വംശീയ ഉന്‍മൂലനമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (ഒഐസി). മ്യാന്‍മര്‍ നടത്തിയത് ഗുരുതരവും പ്രകടവുമായ അന്താരാഷ്ട്ര നിയമലംഘനമാണെന്നും പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും ഒഐസി പറഞ്ഞു.
റഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നും യുഎന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്. മ്യാന്‍മറിനെതിരേ വിദേശ രാജ്യങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും സഖ്യം തീരുമാനിച്ചിരുന്നു.
അഭയാര്‍ഥികളാണെന്നാരോപിച്ച് റോഹിന്‍ഗ്യര്‍ക്ക് പൗരാവകാശം നിഷേധിക്കുകയാണ് മ്യാന്‍മര്‍.
കഴിഞ്ഞവര്‍ഷം ആഗസ്ത് മുതല്‍ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതസ്ഥരും നടത്തിയ വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിന്‍ഗ്യരെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും ധാരണയിലെത്തിയിരുന്നു.
റോഹിന്‍ഗ്യര്‍ക്ക് സുരക്ഷിതരായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും അവര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ആഴ്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top