റോഹിന്‍ഗ്യര്‍ക്കെതിരായ സൈനിക അതിക്രമം; മാധ്യമപ്രവര്‍ത്തകരുടെ കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളി

നേപിഡോ: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം യങ്കൂണ്‍ കോടതി തള്ളി. റോയിറ്റേഴ്‌സിന്റെ ജീവനക്കാരായ വാ ലൂണെ, ക്യാവ് സോ ഊ എന്നിവര്‍ക്കെതിരേയാണ് മ്യാന്‍മറില്‍ കേസുള്ളത്.
ഇവര്‍ക്കെതിരേ പോലിസ് കണ്ടെത്തിയ തെളിവുകളില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നു മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.  റോഹിന്‍ഗ്യര്‍ക്കെതിരായ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനം റോയ്‌റ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡിസംബര്‍ രണ്ടിന് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഉദ്യോഗസ്ഥരെ സംബന്ധിച്ച രഹസ്യ രേഖകള്‍ ഇവര്‍ കൈവശം വച്ചതായാണ് പോലിസ് ആരോപിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷം വരെ തടവില്‍ കഴിയേണ്ടിവരും. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധവുമായി യുഎസ്, ബ്രിട്ടന്‍, കാനഡ, യുനൈറ്റഡ് നേഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. നാലുമാസമായി കേസില്‍ വാദം തുടരുകയാണ്.അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും.

RELATED STORIES

Share it
Top