റോഹിന്‍ഗ്യരും മനുഷ്യരാണ്

ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിന്‍ഗ്യന്‍ വംശജരെ കൂട്ടത്തോടെ രാജ്യത്തുനിന്നു പുറംതള്ളാനുള്ള നീക്കങ്ങള്‍ കേന്ദ്രഭരണകൂടം ത്വരിതപ്പെടുത്തിവരുന്നതായുള്ള വാര്‍ത്തകള്‍ മനുഷ്യത്വമുള്ള ആരെയും അസ്വസ്ഥരാക്കുന്നതാണ്. കഴിഞ്ഞ ആഴ്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളായ എട്ടു പേരെ സുപ്രിംകോടതിയുടെ അനുമതിയോടെ അസമില്‍ നിന്നു നാടുകടത്തിയതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രഭരണകൂടത്തിന്റെ പുതിയ നീക്കങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
പുറത്താക്കല്‍ നടപടികളുടെ ഭാഗമായി മ്യാന്‍മര്‍ എംബസിയുടെ സഹകരണത്തോടെ ഡല്‍ഹിയിലെ നാല് അഭയാര്‍ഥി ക്യാംപുകളില്‍ ഉദ്യോഗസ്ഥര്‍ ഫോറങ്ങള്‍ വിതരണം ചെയ്തു എന്നാണ് റിപോര്‍ട്ടുകള്‍. നാടുകടത്താനുള്ള നീക്കമാണെന്ന ആശങ്കയില്‍ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കാന്‍ അഭയാര്‍ഥികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ക്യാംപുകളില്‍ എത്തിയ പോലിസ് അവരില്‍ നിന്നു നിര്‍ബന്ധിച്ചു ഫോറങ്ങള്‍ പൂരിപ്പിച്ചു വാങ്ങുകയാണത്രേ ചെയ്യുന്നത്.
മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നത്. വംശഹത്യയുടെ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അഭയാര്‍ഥികള്‍ക്ക് രാജ്യത്തേക്കു തിരിച്ചുവരാനുള്ള അന്തരീക്ഷം രൂപപ്പെട്ടിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ യാഥാര്‍ഥ്യങ്ങളൊന്നും പരിഗണിക്കാതെയാണ് റോഹിന്‍ഗ്യരെ പുറത്താക്കാനുള്ള ധൃതിപിടിച്ച നീക്കങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
പ്രകൃതിദുരന്തങ്ങള്‍ കാരണമായോ, രാഷ്ട്രീയമോ വംശീയമോ ആയ ശത്രുതയുടെ ഇരകളായി സ്വന്തം രാജ്യത്തിനകത്തു സുരക്ഷിതത്വം നഷ്ടപ്പെടുന്നതുമൂലമോ ജന്മനാട് ഉപേക്ഷിക്കേണ്ടിവരുന്ന മനുഷ്യര്‍ക്ക് മറ്റൊരു രാജ്യത്ത് അഭയം നല്‍കുക എന്നത് ഒരു പുതിയ കാര്യമല്ല. രാഷ്ട്രാന്തരീയ നിയമങ്ങള്‍ അനുശാസിക്കുന്നതും മാനവികമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യ നാഗരികത കാലങ്ങളായി അംഗീകരിച്ചുപോന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പൊതുധാരണകളുടെ ഭാഗവുമാണത്. ഇത്തരം മാനുഷികമായ വിഷയങ്ങളെ അത് അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കാനുള്ള മനുഷ്യത്വപരമായ ഗരിമ നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിലൊക്കെയും കാത്തുപോന്നിട്ടുണ്ട്. ആ പതിവില്‍ നിന്നുള്ള ഒരു വ്യതിചലനമാണ് റോഹിന്‍ഗ്യന്‍ വിഷയത്തിലുള്ള മോദി ഭരണകൂടത്തിന്റെ നയസമീപനങ്ങളില്‍ തെളിയുന്നത്.
വിശ്വമാനവികതയുടേതായ ഒരു പൊതുമണ്ഡലത്തില്‍ നമ്മെ എപ്പോഴും കണ്ണിചേര്‍ത്തുനിര്‍ത്തിയിരുന്ന വിശാലമായ കാഴ്ചപ്പാടുകളില്‍ നിന്നും നയസമീപനങ്ങളില്‍ നിന്നും രാജ്യം പിറകോട്ടു പോകുന്നതിന്റെ ലക്ഷണമായേ ഈ ഭരണകൂടനീക്കത്തെ കാണാനാവൂ. മരണവക്ത്രത്തില്‍ നിന്നു രക്ഷപ്പെട്ട് അഭയം തേടിവന്ന ഒരുപറ്റം മനുഷ്യരെ മരണത്തിലേക്കു തന്നെ എറിഞ്ഞുകൊടുക്കുന്ന മനുഷ്യത്വമില്ലായ്മ ഈ രാജ്യത്തെ 130 കോടി വരുന്ന ജനതയുടെ മൂര്‍ധാവില്‍ പതിക്കുന്ന ശാപമായി മാറാതിരിക്കണമെങ്കില്‍ മനുഷ്യത്വമുള്ളവര്‍ ഈ അനീതിക്കെതിരേ പ്രതികരിക്കാന്‍ മുന്നോട്ടുവരണം.

RELATED STORIES

Share it
Top