റോഹിന്‍ഗ്യന്‍ പ്രതിസന്ധിഉത്തരവാദികളെ കണ്ടെത്തണം: യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കടുത്ത വിവേചനത്തിനിരയാവുന്ന ജനവിഭാഗമാണ് റോഹിന്‍ഗ്യരെന്നും മ്യാന്‍മറിലെ റഖൈനില്‍ അവര്‍ക്കെതിരേ നടന്ന ആതിക്രമങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും ആര്‍ക്കെങ്കിലും ഉത്തരവാദിത്തമുണ്ടാവണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍. യാതൊരു തരത്തിലും അംഗീകാരം ലഭിക്കാത്ത, പൗരത്വമടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന, ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് റോഹിന്‍ഗ്യരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷം ആഗസ്ത് 25 മുതല്‍ റഖൈനില്‍ മ്യാന്‍മര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വംശീയ ഉന്‍മൂലന നടപടികള്‍ കാരണം ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് യുഎന്‍ കണക്ക്. റോഹിന്‍ഗ്യര്‍ക്കെതിരേ വ്യവസ്ഥാപിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവേചനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അവര്‍ക്ക് നിയമപരമായ പരിരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളില്‍ തുല്യ അവകാശവും ഉറപ്പുവരുത്തണമെന്ന് ഗുത്തേറഷ് പറഞ്ഞു. മ്യാന്‍മറില്‍ മതത്തിനും ജാതിക്കും അതീതമായി എല്ലാവര്‍ക്കും തുല്യ അവകാശം ലഭിക്കാത്തിടത്തോളം റഖൈനില്‍ സമാധാനവും അനുരഞ്ജനവും നടപ്പാവില്ല.
ജൂലൈയില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂട്ടക്കൊലപാതകങ്ങളുടെയും കൂട്ടമാനഭംഗങ്ങളുടെയും തീവയ്പുകളുടെയും ഹൃദയഭേഗകമായ വിവരണങ്ങളാണ് അവിടെ നിന്നും കേള്‍ക്കാനായത്.
റോഹിന്‍ഗ്യകള്‍ക്കെതിരായ അക്രമപരമ്പര അവസാനിപ്പിക്കാന്‍ അതിന് ഉത്തരവാദികളായവരെ കണ്ടെത്തല്‍ അത്യാവശ്യമാണ്. റഖൈനിലേക്ക് മടങ്ങാന്‍ റോഹിന്‍ഗ്യര്‍ക്ക് ആത്മവിശ്വാസം നല്‍കാനും റഖൈനില്‍ അവശേഷിക്കുന്നവര്‍ക്ക് ഭാവിയേക്കുറിച്ച് പ്രതീക്ഷ നല്‍കാനും ഇതു കൂടിയേ തീരൂ. കുറ്റവാളികളെ കണ്ടെത്തുന്നതില്‍ യുഎന്‍ വസ്തുതാന്വേഷണസംഘം ശക്തായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്്. കുറ്റം ചുമത്തല്‍ പ്രക്രിയ ഫലപ്രദമാവാനും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ മ്യാന്‍മറിനെക്കൊണ്ട് അംഗീകരിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. നിലവില്‍ 10 ലക്ഷത്തിലധികം അഭയാര്‍ഥികളാണ് ബംഗ്ലാദേശില്‍ കഴിയുന്നത്്.

RELATED STORIES

Share it
Top