റോഹിന്‍ഗ്യന്‍ പ്രതിസന്ധി: ഐസിസി മ്യാന്‍മറില്‍ നിന്ന് വിശദീകരണം തേടി

ഹേഗ്: ലക്ഷക്കണക്കിനു റോഹിന്‍ഗ്യന്‍ വംശജരെ പലായനത്തിനു നിര്‍ബന്ധിതരാക്കിയെന്ന കേസില്‍ മ്യാന്‍മര്‍ ജൂലൈ 27നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി).    മാതാപിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം 10 വയസ്സുകാരിയെ മ്യാന്‍മര്‍ സൈന്യം കൂട്ടബലാല്‍സംഗത്തിനിരയാക്കിയതിന്റെയും 25 വയസ്സുകാരിയുടെ കുടുംബത്തെ അകത്തിട്ടുപൂട്ടി വീടിനു തീവച്ചതിന്റെയും അടക്കമുള്ള തെളിവുകള്‍ ഐസിസിക്കു ലഭിച്ചിട്ടുണ്ട്.
ചീഫ് പ്രോസിക്യൂട്ടര്‍ ഫതൗ ബെന്‍സോഡയാണ് മ്യാന്‍മറിനെതിരായ നടപടിക്ക് ഐസിസിക്കു മുമ്പാകെ ഹരജി സമര്‍പ്പിച്ചത്. മ്യാന്‍മര്‍ ഐസിസിയില്‍ അംഗമല്ലാത്തതിനാല്‍ ഭരണകൂടത്തിനെതിരേ നടപടിയെടുക്കാന്‍ കോടതിക്കു കഴിയില്ല. എന്നാല്‍, റോഹിന്‍ഗ്യര്‍ അഭയം തേടിയ ബംഗ്ലാദേശ് ഐസിസിയില്‍ അംഗമായതിനാല്‍ കേസ് കോടതിക്ക് പരിഗണിക്കാമെന്നായിരുന്നു ഫതൗ ബെന്‍സോഡയുടെ വാദം. മ്യാന്‍മറില്‍ നിന്ന് ആളുകളെ നാടുകടത്തിയതില്‍ ഭരണകൂടം വിശദീകരണം നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു. പുതിയ നിയമപരിപാലന സംവിധാനത്തിനാണ് ഐസിസി  ശ്രമിക്കുന്നതെങ്കിലും മ്യാന്‍മറിനെതിരേ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.

RELATED STORIES

Share it
Top