റോഹിന്‍ഗ്യന്‍ പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കുന്നു

ധക്ക: ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നു പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിനായി കടത്തിക്കൊണ്ടു പോവുന്നതായി റിപോര്‍ട്ട്. വിദേശികള്‍ക്കു വേണ്ടി പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കുന്നത് അഭയാര്‍ഥി ക്യാംപുകളില്‍ ഭീഷണിയായിരിക്കുകയാണെന്നും ബിബിസി റിപോര്‍ട്ടില്‍ പറയുന്നു.
അഭയാര്‍ഥികള്‍ക്കു നിയമസഹായത്തിനും മറ്റും പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ സെന്റിനല്‍ സന്നദ്ധ സംഘടനയുമായി സഹകരിച്ച് തങ്ങള്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെട്ട നിരവധി പെണ്‍കുട്ടികളെ കണ്ടെത്തിയതായും ബിബിസി റിപോര്‍ട്ട് ചെയ്തു.മ്യാന്‍മറില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട ശേഷം അഭയാര്‍ഥി ക്യാംപിലെത്തിയ 14 വയസ്സുകരിയെ റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെ വാനിലെത്തിയ സ്ത്രീകള്‍ സഹായിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കോക്‌സ് ബസാറിനടുത്ത് ഒരു സ്ഥാപനത്തിലെത്തിച്ച തന്നെ രണ്ടു യുവാക്കള്‍  ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദിച്ചും അവര്‍ തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.
ധക്ക അടക്കമുള്ള നഗരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആയമാരായും ഹോട്ടല്‍ ജീവനക്കാരായും പാചകക്കാരായും ജോലി നല്‍കാമെന്ന വാഗ്ദാനവുമായാണ് മാഫിയാ ഏജന്റുമാര്‍ ക്യാംപുകളിലെത്തുന്നുവെന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്താണ് സ്ത്രീകളുള്‍പ്പെടുന്ന സംഘം ക്യാംപുകളില്‍ നിന്നു പെണ്‍കുട്ടികളെ ഇറക്കിക്കൊണ്ടു പോവുന്നത്. മക്കള്‍ അപകടത്തില്‍പ്പെടുമെന്ന് ആശങ്കയുണ്ടായിട്ടും പല രക്ഷിതാക്കളും ഇവര്‍ക്കൊപ്പം പെണ്‍കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. തങ്ങള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത്തരത്തില്‍ കെണിയില്‍ അകപ്പെടുന്നതെന്നും മാഫിയാ സംഘത്തില്‍ നിന്നു രക്ഷപ്പെട്ട മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. ക്യാംപുകളിലെ ദുരിതത്തെ പരമാവതി മുതലെടുക്കാനാണ്  മാഫിയാ സംഘങ്ങള്‍ ശ്രമിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ലൈംഗികാവശ്യത്തിനായി ഏറ്റവും കുറഞ്ഞ നിരക്കില്‍ പെണ്‍കുട്ടികളെ കിട്ടുന്ന ഇടമായാണ് ബംഗ്ലാദേശിനെ വിദേശികള്‍ കാണുന്നത്. വിദേശികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന മാഫിയകള്‍ക്ക് അഭയാര്‍ഥി ക്യാംപുകളിലും സമീപ പ്രദേശങ്ങളിലും  ഏജന്റുമാരുണ്ടെന്നും ബിബിസി റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top