റോഹിന്‍ഗ്യന്‍ പുനരധിവാസത്തിന് മ്യാന്‍മര്‍ സജ്ജമല്ലെന്ന്് യുഎന്‍

യങ്കൂണ്‍: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനു മ്യാന്‍മര്‍ സജ്ജമല്ലെന്നു യുഎന്‍ മനുഷ്യാവകാശ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ യുര്‍സുല മുല്ലര്‍. മ്യാന്‍മര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് യുഎന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ അവിടെ ജനങ്ങളില്‍ നിന്നു കണ്ടതും കേട്ടതുമായ അനുഭവങ്ങള്‍ റോഹിന്‍ഗ്യരുടെ മടക്കത്തിന് അനുകൂലമല്ല.
റോഹിന്‍ഗ്യകള്‍ അധിവസിക്കുന്ന റഖൈനിലേക്ക് ആവശ്യത്തിന് മരുന്നുകളോ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങളോ എത്തുന്നില്ല. മേഖലയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പലായനം തുടരുകയാണെന്നും മുല്ലര്‍ അറിയിച്ചു. എന്നാല്‍, മുല്ലറുടെ പ്രസ്താവനയോട് മ്യാന്‍മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റോഹിന്‍ഗ്യരെ മാന്യമായും സുരക്ഷിതമായും റഖൈനിലേക്കു മടങ്ങാന്‍ അനുവദിക്കുമെന്നു ബംഗ്ലാദേശുമായി മ്യാന്‍മര്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ധാരണയിലെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മ—ടക്കത്തിനുള്ള ആദ്യ സംഘത്തിന്റെ പട്ടിക ബംഗ്ലാദേശ് മ്യാന്‍മറിനു കൈമാറിയിരുന്നു. സൈന്യത്തിന്റെ വംശഹത്യാ നടപടി തുടങ്ങിയതിനു ശേഷം റഖൈനിലേക്ക് യുഎന്‍ അന്വേഷണ സംഘത്തിന് പ്രവേശനാനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, മ്യാന്‍മര്‍ സൈന്യം ചുട്ടെരിച്ച റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിയുമായും പ്രതിരോധമന്ത്രിയുമായും കൂടിക്കാഴ്ച നടത്താനും മുല്ലറിന് അനുമതി നല്‍കിയിരുന്നു. മേഖലയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനും റോഹിന്‍ഗ്യരുടെ മടക്കത്തിന് സാഹചര്യമൊരുക്കാനും താന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മുല്ലര്‍ അറിയിച്ചു.

RELATED STORIES

Share it
Top