റോയല്‍റ്റി നടപ്പാക്കല്‍: സംഗീത പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗീത യാത്ര സംഘടിപ്പിക്കുന്നു

വടകര: പൊതു വേദികളില്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടികള്‍ക്ക് റോയല്‍റ്റി പിരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ വടകരയില്‍ പ്രതിഷേധ സംഗീത യാത്ര സംഘടിപ്പിക്കുമെന്ന് വടകര മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ പാട്ടുകള്‍ പാടിയാണ് പ്രതിഷേധം. വൈകീട്ട് നാലു മണിക്ക് റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന യാത്ര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റിയാണ് ഇപ്പോള്‍ റോയല്‍റ്റി നിര്‍ബന്ധമാക്കി കൊണ്ട് സംസ്ഥാനത്ത് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകരും രചയിതാക്കളും പ്രസാധകരും ഉള്‍പെടുന്നതാണ് ഐപിആര്‍എസ് എന്ന സംഘടന. ഓഡിറ്റോറിയത്തിലെ സീറ്റുകളുടെ എണ്ണം കണക്കാക്കിയും, പാട്ടുകളുടെ എണ്ണം നോക്കിയുമാണ് റോയല്‍റ്റി തുക കണക്കാക്കുന്നത്.
കാണികളുടെ എണ്ണത്തിന് ആനുപാതികമായി തുക പരിപാടി ആരംഭിക്കുന്നതിന് മുമ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. റോയല്‍റ്റിക്ക് നിയമപരമായി അംഗീകാരമുള്ളതിനാല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഗാനമേളകള്‍ സംഘടിപ്പിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരികയും ചെയ്യും. ഈ നിയമം കര്‍ശനമാക്കിയാല്‍ ഗാനമേളകളും പാട്ടുകളും അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ സജിത്ത് കോട്ടപ്പള്ളി, സുരേഷ് മണിയൂര്‍, ദാസന്‍ പതിയാരക്കര, രതീഷ് വടകര, അബ്ദുള്‍ സലീം, ജയന്‍ നാരായണ നഗരം, ഷാജേഷ് പങ്കെടുത്തു.

RELATED STORIES

Share it
Top