റോഡ് സുരക്ഷയ്ക്കും ഇനി ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍

പൊന്നാനി: പ്രകൃതി ദുരന്ത നിവാരണത്തിനും റോഡപകട രക്ഷാ പ്രവര്‍ത്തനങ്ങളിലും മാതൃകയായ ട്രോമോകെയര്‍ വോളന്റിയര്‍മാരുടെ സേവനം റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി ജില്ലയില്‍ തുടങ്ങി. ആദ്യ ഘട്ടമെന്ന നിലയ്ക്ക് പൊന്നാനി ജോ. ആര്‍ടിഒ ഓഫിസ് പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാഫിക് നിയമലംഘനം പിടികൂടാനും ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനും ട്രോമാകെയര്‍ വോളന്റിയര്‍മാരെ ഉപയോഗപ്പെടുത്തും. ഇതിനായി പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും.
ഓരോ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ചു വീതം വോളന്റിയര്‍മാരെയാണ് റോഡ് സുരക്ഷാ വോളന്റിയര്‍മാരായി നിയമിക്കുക. ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തി ഇവര്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. ഫോട്ടോ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ നിയമലംഘകര്‍ക്കെതിരേ സ്വീകരിക്കും. ജീവനക്കാരുടെ കുറവ് മൂലം ബുദ്ധിമുട്ടുന്ന മോട്ടോര്‍വാഹന വകുപ്പിന് ട്രോമാ കെയര്‍ വോളന്റിയര്‍മാരുടെ സേവനം ആശ്വാസമാകും. പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്ക് ഉറപ്പു വരുത്തും. പൊന്നാനിയിലെ പ്രവര്‍ത്തനം പരിശോധിച്ച് പിന്നീട് ജില്ലയിലൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. സേവനത്തിനായി കൂടുതല്‍ വോളന്റിയര്‍മാരെയും ഉപയോഗപ്പെടുത്തും. 2005 ജനുവരിയിലാണു മഞ്ചേരി ആസ്ഥാനമായി മലപ്പുറം ട്രോമാ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പോലിസ് വകുപ്പുമായി സഹകരിച്ച് ദേശീയപാതകളില്‍ ട്രോമാ കെയര്‍ നടത്തിയ രാത്രി കാല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. പ്രകൃതിദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ധ പരിശീലനം നേടിയ ദുരന്ത നിവാരണ സേനയും ട്രോമാ കെയറിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം 36000 പേര്‍ക്ക് ട്രോമാകെയറിന്റെ നേതൃത്വത്തില്‍ റോഡപകട, ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കിയിട്ടുണ്ട്. ട്രോമാകെയര്‍ വോളന്റിയര്‍മാരെ റോഡു സുരക്ഷാ വോളന്റിയര്‍മാരായി നിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി എംഇഎസ് കോളജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത് കുമാര്‍, ജില്ലാ ട്രോമാ കെയര്‍ നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ഹരിദാസന്‍, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍, മലപ്പുറം ട്രോമാ കെയര്‍ ജനറല്‍ സെക്രട്ടറി കെ പി പ്രതീഷ്, ജോ. ആര്‍ടിഒമാരായ ദിനേശ് ബാബു (തിരൂരങ്ങാടി), മുജീബ് (പൊന്നാനി), സജി പ്രസാദ് (തിരൂര്‍), കെഎസ്ആര്‍ടിസി ഡയറക്ടര്‍ സയ്യിദ് ഫൈസല്‍ അലി, ഹംസ അഞ്ചുമുക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top