റോഡ് സംരക്ഷണഭിത്തിയില്‍ വിള്ളല്‍; യാത്രാമാര്‍ഗം അടഞ്ഞു

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തോടെ ദുരിതത്തിലായത് താവുള്ളക്കരി, ബെന്‍ഹില്‍ നിവാസികള്‍. വര്‍ഷങ്ങളായി പ്രദേശത്തെ അമ്പതോളം വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് റോഡിലൂടെ ഗതാഗതം വഴിമുട്ടി.
അന്തര്‍സംസ്ഥാന പാതയുടെ വളവും കയറ്റവും കുറയ്ക്കുന്നതിനായി ബെന്‍ഹില്ലില്‍ റോഡിന്റെ അലൈന്‍മെന്റില്‍ ഉണ്ടായ മാറ്റമാണ് പഞ്ചായത്ത് റോഡിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചത്. താവുള്ളക്കരി-ബൈന്‍ഹില്‍ റോഡ് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വന്‍ താഴ്ചയും സംരക്ഷണ ഭിത്തിയും രൂപപെട്ടതോടെ ഇതുവഴി വാഹന ഗതാഗതത്തോടൊപ്പം കാല്‍നടയാത്ര പോലും പറ്റാതായി. റോഡ് സംരക്ഷണ ഭിത്തിയില്‍ രൂപംകൊണ്ട വിള്ളല്‍ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലും കരിങ്കല്‍ഭിത്തി കെട്ടി മണ്ണുനിറച്ച് സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും സംരക്ഷണ ഭിത്തിയില്‍ വിള്ളലോടെ നിര്‍മാണം നിര്‍ത്തിവച്ചു. ഒരു കിലോമീറ്റര്‍ വരുന്ന പഞ്ചായത്ത് റോഡിന്റെ കുറച്ചുഭാഗം മാത്രമേ ടാര്‍ ചെയ്തുള്ളൂ.
മഴക്കാലം തുടങ്ങിയതോടെ ചളിക്കുളമായ പഞ്ചായത്ത് റോഡ് പ്രദേശവാസികള്‍ പണം പിരിച്ചാണ് ഗതാഗതയോഗ്യമാക്കുന്നത്. നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. റോഡ് സംരക്ഷണ ഭിത്തിയിലുണ്ടായ വിള്ളല്‍ അന്തര്‍സംസ്ഥാന പാതയേയും അപകടഭീഷണിയിലാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ഇതുവഴി പ്രവേശിക്കാതിരിക്കാന്‍ ക്വാറി ഉല്‍പന്നങ്ങള്‍ ഇറക്കി മാര്‍ഗതടസ്സം ഉണ്ടാക്കിയിരിക്കുകയാണ് അധികൃതര്‍.

RELATED STORIES

Share it
Top